വില്ലനായി കയർ ഭൂവസ്ത്രം; ഏക്കർ കണക്കിന് വയൽ തരിശായി
text_fieldsമുക്കം: ജില്ലയിലെ ഏറ്റവും വലിയ പാടശേഖങ്ങളിലൊന്നായ കുറ്റിപ്പൊയിൽ വയലിൽ നെൽകൃഷി ചെയ്യാനാവാതെ കർഷകർ ദുരിതത്തിൽ. കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന 100 ഏക്കറോളം നെൽവയലാണ് വെറുതെ കിടക്കുന്നത്. കൃഷിക്കാവശ്യമായ വെള്ളം ലഭിക്കേണ്ട കക്കാടം തോട് പൂർണമായും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യവും മണ്ണും കല്ലും ചളിയും അടിഞ്ഞുകൂടി നികന്നതാണ് കർഷകർക്ക് പ്രതിസന്ധിയായത്. കക്കാടം തോടിന് സംരക്ഷണമൊരുക്കി വിരിച്ച കയർ ഭൂവസ്ത്രമാണ് വില്ലനായത്. മഴക്കാലത്ത് മുകൾ ഭാഗത്തുനിന്ന് ഒലിച്ചു വരുന്ന തെങ്ങോലകൾ കയർ ഭൂവസ്ത്രങ്ങളിൽ കുടുങ്ങി ഒഴുക്ക് തടസ്സപ്പെടുകയും മാലിന്യം തൊട്ടടുത്ത വയലുകളിലേക്ക് ഒലിച്ചിറങ്ങുകയുമായിരുന്നു.
കക്കാട് മുതൽ നെല്ലിക്കാപ്പറമ്പ് വരെ വ്യാപിച്ചു കിടക്കുന്ന നെൽവയലിന്റെ ഏക ജലസ്രോതസ്സായ തോട് പുനരുജ്ജീവിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യമുന്നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വർഷങ്ങൾക്കു മുമ്പ് കൃഷിക്കും മീൻ പിടിക്കാനും അലക്കാനും കുളിക്കാനും കുട്ടികൾക്ക് നീന്തൽ പഠിക്കാനും ഒരു പ്രദേശത്തിന്റെ മുഴുവനും കിണറുകളിലെ ജല ശ്രോതസ്സുമായിരുന്നു ഈ തോട്. തോട് നശിച്ചതോടെ പ്രദേശത്ത് ജലക്ഷാമം വർധിച്ചു. സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 2023 ലെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ കർഷകർ നിവേദനം നൽകിയിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും തോട് സംരക്ഷിക്കേണ്ടതാണെന്ന് ചെറുകിട ജലസേചന വകുപ്പിന് റിപ്പോർട്ട് നൽകുകയും ചെയ്തു. 3.5 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കിയത്. ഫണ്ട് ലഭ്യമാകുന്ന മുറക്ക് പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നതാണെന്ന് ചെറുകിട ജലസേചന വകുപ്പ് കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിരുന്നെങ്കിലും പുരോഗതിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

