വിലങ്ങാട്-വയനാട് ചുരമില്ല റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു
text_fieldsവിലങ്ങാട് പാനോം -കുഞ്ഞോം റോഡിന്റെ പ്രവേശന സ്ഥലം
നാദാപുരം: കോഴിക്കോട് ജില്ലയിൽനിന്ന് വയനാട്ടിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിലങ്ങാട് -കുഞ്ഞോം ചുരമില്ല റോഡ് യാഥാർഥ്യമാക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാകുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പേ ഗോത്രവർഗക്കാർ എളുപ്പവഴിയായി ഉപയോഗിച്ചിരുന്ന ഈ പാത പഴശ്ശിരാജാവിന്റെയും ടിപ്പുവിന്റെയും കാലഘട്ടത്തിലേ സഞ്ചാരയോഗ്യമായിരുന്നു. ആറു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചാൽ വയനാട് കുഞ്ഞോം ഭാഗത്ത് എത്തിച്ചേരാനാകുമെന്നത് പാതയുടെ പ്രത്യേകതയാണ്.
നിലവിൽ കുറ്റ്യാടി, താമരശ്ശേരി, പെരിയ ചുരങ്ങൾ കയറിയാണ് വയനാട്ടിൽ എത്തുന്നത്. ആളുകൾ ഇപ്പോഴും കാൽനടയായി ഈപാത ഉപയോഗിച്ചു വരുകയാണ്. നാല് കിലോമീറ്റർ നിക്ഷിപ്ത വനത്തിലൂടെ കടന്നുപോകുന്നുവെന്നാണ് അധികൃതർ തടസ്സവാദമായി ഉന്നയിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളുടെ സംഗമഭൂമിയായ ഈ പാത കാർഷിക സാമ്പത്തിക മേഖലകളെ ഏറെ പരിപോഷിപ്പിക്കാൻ സഹായിക്കുന്നതാണ്.
വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചുരമില്ലാപാത നിർമാണത്തിന് നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. നേരത്തേ റോഡ് വികസനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടന്നുവെങ്കിലും നാദാപുരം മേഖലയിൽ ഉണ്ടായ ചില രാഷ്ട്രീയ സംഘർഷങ്ങൾ റോഡ് യാഥാർഥ്യമാകുന്നതിന് തടസ്സമായെന്ന് യോഗം വിലയിരുത്തി.
ഇതിനിടയിലാണ് റോഡ് വികസനം എന്ന ആശയം അടുത്ത കാലത്ത് വീണ്ടും ശക്തമായത്. എൻ.കെ. മുത്തലിബ് (ചെയർമാൻ), എം.കെ. കുഞ്ഞബ്ദുല്ല(കൺവീനർ), ജോസ് ഇരിപ്പക്കാട് കോഓഡിനേറ്ററുമായി സമിതി രൂപവത്കരിച്ചു. കളത്തിൽ കുഞ്ഞാലി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജു, നങ്ങാണ്ടി സുലൈമാൻ, കെ. ബാലകൃഷ്ണൻ, അനസ് നങ്ങാണ്ടി, ടി.കെ. മൊയ്തൂട്ടി, ഷെബി സെബാസ്റ്റ്യൻ, ചള്ളയിൽ കുഞ്ഞാലി, മൊയ്തുഹാജി കുഴിച്ചാലുപറമ്പത്ത്, ലത്തീഫ് കുണ്ടിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

