കോർപറേഷൻ വജ്രജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കം
text_fieldsകോഴിക്കോട്: കോർപറേഷന്റെ ഒരു കൊല്ലത്തെ വജ്രജൂബിലി ആഘോഷം ഈമാസം 13ന് തുടങ്ങുമെന്ന് മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറിന് ടാഗോർ ഹാളിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായും. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, എ.കെ. ശശീന്ദ്രൻ, എം.പിമാരായ എം.കെ. രാഘവൻ, എളമരം കരീം, ബിനോയ് വിശ്വം, പി.ടി. ഉഷ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളാവും.
‘സ്വാഗതമോതി’ സർക്കാർ വജ്രജൂബിലി ഫെലോഷിപ് പദ്ധതിയിലുൾപ്പെട്ട ഒമ്പതു കലാകാരന്മാർ സംഗീതശിൽപം അവതരിപ്പിക്കും. സമീർ ബിൻസി നയിക്കുന്ന സൂഫിസംഗീതം ഉണ്ടാവും. വജ്രജൂബിലി ഓർമക്കായി കോർപറേഷൻ ഓഫിസിന് തൊട്ടു പിന്നിലുള്ള സ്ഥലത്ത് വജ്രജൂബിലി കെട്ടിട സമുച്ചയം പണിയും.
പഴയ കോർപറേഷൻ ഓഫിസ് നഗരചരിത്ര മ്യൂസിയമാക്കി ഈ വർഷംതന്നെ തുറക്കും. നിലവിലുള്ള പദ്ധതികളുടെ പൂർത്തീകരണവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവുമുണ്ടാവും.
ദേശീയശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള വികസന സെമിനാറുകൾ, മുൻകാല ജനപ്രതിനിധികളുടെ സംഗമം, സംഗീതോത്സവം, ചലച്ചിത്രോത്സവം, നാടകോത്സവം, സാഹിത്യോത്സവം, നഗരസഭ ജീവനക്കാരെയും കുടുംബശ്രീ, അംഗൻവാടി, വയോജന, ഭിന്നശേഷി, റെസിഡന്റ്സ് അസോസിയേഷൻ, ആശ വർക്കർ, ഹരിതകർമസേന എന്നിവരെയും പങ്കെടുപ്പിച്ച് കലോത്സവങ്ങളും നടക്കും. പരമ്പരാഗത ഭക്ഷണവിഭവങ്ങളും സ്ട്രീറ്റ് ഫുഡും ഉൾപ്പെടുത്തിയുള്ള വ്യത്യസ്തമായ ഫുഡ് ഫെസ്റ്റ്, വ്യാപാരോത്സവം, ചരിത്ര പ്രദർശനം, കാർഷിക-വ്യവസായിക-വാണിജ്യ പ്രദർശനം എന്നിവയുണ്ടാകും.
നഗരത്തിന്റെ ഇന്നലെ, ഇന്ന്, നാളെ എന്നിവ രേഖപ്പെടുത്തുന്ന സുവനീറും പ്രസിദ്ധീകരിക്കും. ആഘോഷങ്ങൾ നഗരവാസികളുടെ ഉത്സവമാക്കി മാറ്റാൻ ശ്രമിക്കും. കോർപറേഷന്റെ വികസന ചരിത്രവും സവിശേഷമായ പാരമ്പര്യവും പുതുതലമുറയുമായി പങ്കുവെച്ച് ഭാവിവികസനത്തിന് പാതയൊരുക്കാൻ അറുപതാം വാർഷികാഘോഷത്തിലൂടെ കഴിയുമെന്ന് മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

