കോളിയോട് മല സാംസ്കാരിക നിലയം നിർമാണം പാതിവഴിയിൽ
text_fieldsകോളിയോട് മല സാംസ്കാരിക നിലയം
നന്മണ്ട: ഗ്രാമപഞ്ചായത്തിലെ കോളിയോട് മല ആദിവാസി കോളനി സാംസ്കാരിക നിലയത്തിന്റെ നിർമാണം പാതിവഴിയിൽ. ഇവിടെ 126 കുടുംബങ്ങളാണുള്ളത്. ഒരു സാംസ്കാരിക കേന്ദ്രം വേണമെന്നത് ഇവിടുത്തുകാരുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ്.
പത്ത് വർഷം മുമ്പ് കോളനിയിലെ താമസക്കാരൻതന്നെ നാല് സെൻറ് ഭൂമി വിട്ടുനൽകുകയായിരുന്നു. തുടർന്ന് സംസ്കാരിക നിലയമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന പ്രതീക്ഷയിലായിരുന്നു ഇവർ.
കെട്ടിടം നിർമിക്കാൻ ജില്ലതല വർക്കിങ് ഗ്രൂപ്പിൽ 37.75 ലക്ഷം രൂപ പട്ടികവർഗ ഫണ്ടും ഒരു ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ഫണ്ടും അടക്കം 38.75 ലക്ഷം രൂപയുടെ പദ്ധതി അംഗീകരിക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തുവെങ്കിലും കെട്ടിടം നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം ചെറിയ പ്രദേശമായതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ചില മാറ്റങ്ങൾ ഉൾപ്പെടുത്തിയെങ്കിലും പ്രവൃത്തി മുന്നോട്ടുകൊണ്ടുപോയില്ല. വായനശാല, ലൈബ്രറി, റീഡിങ് റൂം എന്നിവ കൂടാതെ മുകളിലത്തെ നിലയിൽ യോഗങ്ങൾ ചേരാൻ മുറികളുമായിരുന്നു. മുറികൾക്ക് വലുപ്പം കുറവാണെന്ന പരാതിയും ഉയർന്നിരുന്നു. കെട്ടിട നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്നും ആക്ഷേപമുണ്ട്.
നിലവിൽ പുതുക്കിയ എസ്റ്റിമേറ്റ് ജില്ലതല വർക്കിങ് ഗ്രൂപ് അംഗീകരിക്കുകയും പട്ടികവർഗ വികസന വകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

