കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റ് മാർക്കറ്റ് നിർമാണം അടുത്ത മാസം തുടങ്ങും
text_fieldsകോഴിക്കോട് കടപ്പുറം
കോഴിക്കോട്: നിർമാണ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും പ്രവൃത്തി ആരംഭിക്കാത്ത കോർപറേഷന്റെ ബീച്ച് ഫുഡ് സ്ട്രീറ്റ് പണി അടുത്ത മാസം തുടങ്ങും. തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായെങ്കിലും ടെൻഡർ നടപടികൾ നേരത്തേ പൂർത്തിയായതിനാൽ പണി തുടങ്ങുന്നതിന് തടസ്സമില്ലെന്ന് കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. ഇതിനായി കടപ്പുറത്ത് കോർപറേഷൻ ഓഫിസിന് എതിർവശത്ത് ഫൂട്പാത്തിനോട് ചേർന്ന ഭാഗത്ത് കഴിഞ്ഞ ദിവസം സ്ഥലം അടയാളപ്പെടുത്തി. നാലുമാസത്തിനകം പണി തീർക്കാനാവുമെന്നാണ് പ്രതീക്ഷ.
ഒരു കൊല്ലമാണ് പണി പൂർത്തിയാക്കാനുള്ള കാലാവധി. ബീച്ചിനെ ഫുഡ് സ്ട്രീറ്റായി ഉയർത്തുക, കച്ചവടക്കാർക്ക് പുനരധിവാസം ലഭ്യമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ബീച്ചിലെ വെൻഡിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും കഴിഞ്ഞ മാസം നടന്നിരുന്നു. കോഴിക്കോട് ബീച്ചിനെ രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമാക്കുക എന്നതാണ് പദ്ധതികൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത്.
കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന മിഷൻ, ഫുഡ്സേഫ്റ്റി വകുപ്പിന്റെ ഫുഡ് സ്ട്രീറ്റ് എന്നീ പദ്ധതികൾ സംയോജിപ്പിച്ചാണ് കോർപറേഷൻ പദ്ധതി നടപ്പാക്കുന്നത്.
90 വഴിയോര കച്ചവടക്കാരെയാണ് പദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിക്കുക. ബീച്ച് സൗന്ദര്യവത്കരണം, ഉന്തുവണ്ടികളുടെ ഏകരൂപം എന്നിവ ഫുഡ്സ്ട്രീറ്റിനെ കൂടുതൽ മികവുള്ളതാക്കും. 4.06 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
അതിൽ 2.41 കോടി രൂപ എൻ.യു.എൽ.എം പദ്ധതിയുടെ ഭാഗമായി ലഭിക്കും. ഒരുകോടി രൂപ ഫുഡ് സേഫ്റ്റി വകുപ്പ് അനുവദിക്കും.
ബാക്കി തുക കോർപറേഷൻ വഹിക്കാനാണ് തീരുമാനം. 90 കച്ചവടക്കാർക്ക് ശുദ്ധജലം, മലിനജലം സംസ്കരിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഉറപ്പാക്കി പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. കോർപറേഷൻ ഓഫിസിന് മുന്നിലുള്ള കടലോരമാണ് ഇതിനായി തിരഞ്ഞെടുത്തത്.
കോർപറേഷൻ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ബീച്ചിലെ വെൻഡിങ് മാർക്കറ്റ് പദ്ധതിയാണ് ഭക്ഷണത്തെരുവ് കൂടിയാക്കി നടപ്പിലാവുന്നത്.

