കള്ളന്മാർക്കും കഞ്ചാവടിക്കാർക്കും കോമൺവെൽത്ത് ഒളിത്താവളം
text_fieldsകോഴിക്കോട്: പത്തൊമ്പതാം നൂറ്റാണ്ടിൽ ജർമൻ ബാസൽ മിഷൻ പണിത മാനാഞ്ചിറ കോമൺവെൽത്ത് നെയ്ത്തുകമ്പനിയുടെ പൈതൃക കെട്ടിടത്തിൽ വിലപിടിപ്പുള്ള സാധനങ്ങൾ മുഴുവൻ കള്ളന്മാർ കടത്തിത്തീരാറായി. അവശേഷിക്കുന്ന ഫർണിച്ചറും നെയ്ത്തുപകരണങ്ങളും മറയാക്കി നട്ടുച്ചക്കും തണുപ്പ് അരിച്ചിറങ്ങുന്ന കെട്ടിടത്തിന്റെ ഇടനാഴികൾ കള്ളന്മാർക്കും ലഹരി മരുന്ന് ഉപയോഗിക്കുന്നവർക്കും സുഖമുള്ള ഒളിത്താവളമായി.
കിടക്കാനും കുളിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം സംവിധാനമൊരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച കുറ്റിക്കാട്ടൂരിൽ പൊലീസ് ഡ്രൈവറെ കുത്തി ഒളിത്താവളത്തിലെത്തിയ പ്രതിയെ മെഡിക്കൽ കോളജ് പൊലീസും സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും കൺട്രോൾ റൂം പൊലീസും ചേർന്ന് കോംട്രസ്റ്റ് വളപ്പ് വളഞ്ഞു പിടികൂടുകയായിരുന്നു.
2009 ഫെബ്രുവരി ഒന്നിനാണ് ഫാക്ടറി പൂട്ടിയത്. 14 കൊല്ലത്തിലേറെയായി അടച്ചിട്ട കെട്ടിടത്തിലെ ഇരുമ്പുപകരണങ്ങളും ഫർണിച്ചറും വൈദ്യുതി ഉപകരണങ്ങളുമെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു. കെട്ടിടത്തിനകത്ത് നിറയെ കുപ്പികളും സിറിഞ്ചും ഗർഭനിരോധന ഉറകളുമാണ്.
മൊത്തം ഭൂമി പല ഭാഗങ്ങളാക്കി വിറ്റതിൽ മാനാഞ്ചിറക്ക് അഭിമുഖമായി നിൽക്കുന്ന മുഖ്യ കെട്ടിടം മാത്രമേ ഇപ്പോൾ കോമൺവെൽത്ത് ട്രസ്റ്റിന് കീഴിലുള്ളൂ. കോംട്രസ്റ്റ് ഹെഡ് ഓഫിസ് പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിൽ മാത്രമേ പകൽ ആളുണ്ടാവൂ. രാത്രി ഒരു കാവൽക്കാരനുമുണ്ടാവും.
ബാക്കി ഏക്കർ കണക്കിന് സ്ഥലവും കെട്ടിടവുമെല്ലാം അനാഥമായിക്കിടപ്പാണ്. ഇടിഞ്ഞു തകർന്ന് കാടുപിടിച്ച കെട്ടിടത്തിലേക്ക് ആരും തിരിഞ്ഞുനോക്കാതായതോടെ കെട്ടിടത്തിലെ കമ്പിയും മറ്റും മുറിച്ചുകൊണ്ടുപോയി തീരാറായി. ജനലഴികളും പിച്ചളയുടെ ഭാഗങ്ങളുമെല്ലാം മുറിച്ചുകടത്തി.
നഗരത്തിൽ പല ഭാഗത്തുനിന്ന് കൊണ്ടുവരുന്നതടക്കം മോഷ്ടിച്ച വയറുകൾ കോംട്രസ്റ്റ് വളപ്പിലിട്ട് കത്തിച്ച് കമ്പി കടത്തുന്നു. മരത്തിൽ തീർത്ത ഒന്നാം നിലയിൽ കള്ളന്മാർ തീയിട്ട് തറയിലെ മരമൊന്നായി കത്തി. ബിൽഡിങ്ങിലുണ്ടായിരുന്ന ലൈറ്റുകളും ഫാനും കമ്പികളും എ.സിയുടെ ഭാഗങ്ങളുമൊക്കെ കടത്തി.
നെയ്ത്ത് നടന്നിരുന്ന പഴയ ഇടനാഴികളിൽ നട്ടുച്ചക്കുപോലും എന്ത് സംഭവിച്ചാലും പുറംലോകമറിയില്ല. കോംട്രസ്റ്റ് തൊഴിലാളികൾ ചെറുക്കാൻ ശ്രമിക്കുമ്പോഴെല്ലാം ആക്രമണഭീഷണിയുയരുന്നു. മഴയിൽ കുതിർന്ന ചുമരുകൾ അടർന്നു വീണ്ടുകൊണ്ടിരിക്കുന്നു.
വ്യവസായ മ്യൂസിയം വരുമ്പോഴേക്ക് ഉള്ളതും പോവും
മാനാഞ്ചിറ കോംട്രസ്റ്റ് പൈതൃക സ്മാരകം പദ്ധതി നീളുകയാണ്. പൈതൃക കെട്ടിടം നിലനിർത്തി വ്യവസായ മ്യൂസിയമാക്കാനാണ് തീരുമാനം. പരമ്പരാഗത നെയ്ത്ത് നിലനിർത്തുന്നതോടെ തൊഴിലാളികൾക്ക് ജോലിയും ലഭിക്കുന്നതാണ് പദ്ധതി.
കോംട്രസ്റ്റ് ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ ബില്ലിന് അംഗീകാരം ലഭിച്ചിട്ടും നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല. സർക്കാർ നിശ്ചയിക്കുന്ന പ്രത്യേക കമീഷനാണ് തുടർനടപടികൾ കൈക്കൊള്ളേണ്ടത്. മൊത്തം 3.25 ഏക്കറോളം സ്ഥലമാണുള്ളത്. ഇതിൽ 1.62 ഏക്കർ, 55 സെൻറ്, 45 സെൻറ് എന്നിങ്ങനെ വിറ്റ സ്ഥലങ്ങൾ സൈാസൈറ്റിയുടെയും സ്വകാര്യ വ്യക്തികളുടെയും കൈവശമാണ്.
ഇത് കഴിച്ചാണ് ഇപ്പോൾ ട്രസ്റ്റ് ഭൂമി എങ്കിലും മൊത്തം സ്ഥലവും സർക്കാർ ഏറ്റെടുക്കാനാണ് തീരുമാനം. സ്ഥലം ഏറ്റെടുക്കുന്നത് കോടതിയുടെ പരിഗണനയിലായതിനാലാണ്, സർക്കാറിന് ഫാക്ടറി സ്ഥലം ഏറ്റെടുക്കാൻ പറ്റാത്തത്.
കോംട്രസ്റ്റിലെ തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്നും സ്ഥാപനം തുറന്നുപ്രവര്ത്തിക്കണമെന്നുമുള്ള ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണൽ വിധി നിലവിലുണ്ട്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) തുടർനടപടിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നടപടികൾ പെട്ടെന്ന് മുന്നോട്ടുപോകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.