അംഗൻവാടി കെട്ടിടത്തിന്റെ സീലിങ് പൊട്ടിവീണു
text_fieldsപുതിയപാലം ചുള്ളിയില്‍ ഉഷസ് അംഗൻവാടിയുടെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ നിലയില്‍
കോഴിക്കോട്: നഗരത്തിൽ പുതിയപാലത്ത് അംഗൻവാടി കെട്ടിടത്തിന്റെ സീലിങ് പൊട്ടിവീണു. ആഴ്ചവട്ടം ഡിവിഷനിൽ പുതിയപാലം ചുള്ളിയിൽ ‘ഉഷസ്’ അംഗൻവാടിയുടെ രണ്ടുനില കെട്ടിടത്തിന്റെ തറനിലയുടെ സീലിങ് കോൺക്രീറ്റ് പാളിയാണ് അടർന്നുവീണത്. അധ്യാപികയും കുട്ടികളും ഇരിക്കുന്ന കസേരകളിലാണ് സീലിങ് അടർന്നുവീണത്. അപകടസമയം കുട്ടികൾ ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി. 13 വർഷം മാത്രം പഴക്കമുള്ള കെട്ടിടം തകരാൻ കാരണം അശാസ്ത്രീയ നിർമാണമാണെന്ന് ആരോപണമുണ്ട്.
വെള്ളിയാഴ്ച സ്വാതന്ത്ര്യദിനത്തിൽ കുട്ടികളും രക്ഷിതാക്കളും പ്രദേശവാസികളുമുൾപ്പെടെ ആഘോഷ പരിപാടി നടത്തി അംഗൻവാടിയിൽനിന്ന് മടങ്ങിയതായിരുന്നു. ശനിയാഴ്ച രാവിലെ ഹെൽപ്പർ വന്ന് തുറന്നപ്പോഴാണ് കോൺക്രീറ്റ് അടർന്നുവീണത് കണ്ടത്. 11 കുട്ടികളാണ് അംഗൻവാടിയിലുള്ളത്. കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി നേരത്തേ നിരവധി തവണ ജീവനക്കാർ കോർപറേഷൻ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും അംഗൻവാടി മാറ്റുന്നതിനുള്ള നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. തൊട്ടടുത്തുള്ള വീട്ടിലേക്ക് അംഗൻവാടി പ്രവർത്തനം മാറ്റാൻ തീരുമാനിച്ചു.
2012 മേയ് 31നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. കാലപ്പഴക്കമില്ലെങ്കിലും നാലു ഭാഗവും ദ്രവിച്ച് അടർന്നുവീഴുന്ന അവസ്ഥയിലാണ് കെട്ടിടം. പല ഭാഗത്തും സീലിങ്ങിന്റെ കോൺക്രീറ്റ് പൊളിഞ്ഞ് തുരുമ്പെടുത്ത കമ്പി പുറത്തുകാണാം. കെട്ടിടത്തിന്റെ മുൻഭാഗമടക്കം തേപ്പും പലഭാഗത്തും പൊളിഞ്ഞിട്ടുണ്ട്. ഉപ്പുവെള്ളമുപയോഗിച്ചാണ് നിർമാണ സമയത്ത് കെട്ടിടം നനച്ചതെന്നും ഇക്കാരണത്താലാണ് കോൺക്രീറ്റും തേപ്പും പെട്ടെന്ന് ദ്രവിച്ച് നശിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
അംഗൻവാടിയോട് ചേർന്ന് പിന്നിലൂടെ 10 അടിയോളം വീതിയിലുള്ള ഓവുചാലുണ്ട്. ഇതിന് മുകളിൽ കോൺക്രീറ്റ് സ്ലാബുപോലും സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. അംഗൻവാടിയുടെ അടുക്കളവാതിൽ തുറന്നാൽ അഴുക്ക്ചാലിലേക്കാണ് എത്തുക. കുട്ടികൾ ഏതെങ്കിലും വിധത്തിൽ വാതിൽ തുറന്ന് എത്തിയാൽ അഴുക്കുചാലിൽ വീഴാനുള്ള സാധ്യതയേറെയാണ്. അംഗൻവാടി മാനേജ്മെന്റ് കമ്മിറ്റിയിൽ പരിസരവാസികളെ ആരെയും ഉൾപ്പെടുത്തിയിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

