വായനക്കാരേ, പുസ്തകോത്സവം തുടങ്ങി
text_fieldsസ്റ്റേഡിയം പരിസരത്ത് ആരംഭിച്ച കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിൽ പതിനെട്ടാമത് പുസ്തകോത്സവത്തിൽനിന്ന്
കോഴിക്കോട്: വിവിധ പ്രസാധകരുടെ പുസ്തകങ്ങളെല്ലാം ഒരുകുടക്കീഴിൽ ലഭ്യമാക്കി ജില്ല ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ 18ാം പുസ്തകോത്സവം കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം ഗ്രൗണ്ടിൽ തുടങ്ങി. ആയിരക്കണക്കിന് പുസ്തകങ്ങളുമായി ചെറുതും വലുതുമായ 76 പ്രസാധകരുടെ 112 സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയത്.
മലയാള പുസ്തക പ്രസാധകരംഗത്തെ പ്രമുഖ സ്ഥാപനങ്ങളെല്ലാം ഒത്തുചേർന്ന മേളയിൽ വായനശാലകൾക്ക് പ്രത്യേക വിലക്കിഴിവും ലഭിക്കും. ബാലസാഹിത്യം, നോവൽ, ജീവചരിത്രങ്ങൾ, കഥകൾ, കവിതകൾ, ശാസ്ത്രം തുടങ്ങിയ പുസ്തകങ്ങളെല്ലാം മേളയിൽ ലഭ്യമാണ്.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ ജില്ലയിലെ നാല് താലൂക്കുകളിലെ 560 അംഗീകൃത ഗ്രന്ഥശാലകൾക്കായി അനുവദിച്ച ഒരുകോടിയിലധികം രൂപ ഗ്രാന്റ് പ്രധാനമായും വിനിയോഗിക്കുന്നത് ഈ മേളയിൽനിന്ന് പുസ്തകങ്ങൾ വാങ്ങാനാണ്. വിവിധ സാംസ്കാരിക പരിപാടികളും പുസ്തക പ്രകാശനങ്ങളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
28ന് രാവിലെ 11ന് നാടകപ്രവർത്തകരെ അനുമോദിക്കലും വൈകീട്ട് മൂന്നിന് 'സ്വാതന്ത്ര്യനാന്തര ഇന്ത്യ: ജീവിതം, സംസ്കാരം, ഭാവി' സെമിനാറും വൈകീട്ട് ആറിന് ഗസൽസന്ധ്യയും അരങ്ങേറും. 29ന് വിവിധ എഴുത്തുകാരുടെ പുസ്തകപ്രകാശനവും കലാപരിപാടികളും കവിസമ്മേളനവും നാടകവും അരങ്ങേറും.
30ന് രാവിലെ 10.30ന് സമാപന സമ്മേളനം ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവം വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ. ദിനേശൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ, എക്സിക്യൂട്ടിവ് അംഗം കെ. ചന്ദ്രൻ, സി. കുഞ്ഞമ്മദ്, സി.സി. ആൻഡ്രൂസ്, എൻ. ശങ്കരൻ, കെ.പി. ഷഹീർ തുടങ്ങിയവർ സംസാരിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഉദയൻ സ്വാഗതവും ജി.കെ. വത്സല നന്ദിയും പറഞ്ഞു. രാവിലെ 10 മുതൽ വൈകീട്ട് എട്ടുവരെ നടക്കുന്ന പുസ്തകോത്സവം സെപ്റ്റംബർ 30ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

