കൊടുവള്ളിയിൽ ഗുണ്ടാസംഘങ്ങളുടെ ആക്രമണം തുടർക്കഥ
text_fieldsകൊടുവള്ളി: കേട്ടുകേൾവി മാത്രമായിരുന്ന ഗുണ്ടാസംഘങ്ങളുടെ ആക്രമണങ്ങൾ കൊടുവള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലും തുടർക്കഥയാവുന്നു. മിക്കപ്പോഴും പണമിടപാടുമായും മറ്റും ബന്ധപ്പെട്ട തർക്കങ്ങളാണ് അക്രമസംഭവങ്ങളിലേക്ക് വഴിവെക്കുന്നത്. നാട്ടിൻപുറങ്ങളിലടക്കമുള്ളവർ ഇത്തരം സംഘങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അടുത്ത കാലങ്ങളിൽ വിവിധ അക്രമക്കേസുകളിൽ പ്രതികളായി പിടിക്കപ്പെട്ടവരുടെ ബന്ധങ്ങൾ ഇതിലേക്കാണ് എത്തുന്നത്.
കൊടുവള്ളി സ്റ്റേഷൻ പരിധിയിൽ മാത്രം ഏതാനും മാസത്തിനിടെ അഞ്ചിലേറെ അക്രമസംഭവങ്ങളിലാണ് പൊലീസ് കേസെടുത്തത്. ഇതിൽ അവസാനമായി നടന്നത് ഏപ്രിൽ 27ന് വെണ്ണക്കാട് വിവാഹ പാർട്ടി സഞ്ചരിച്ച ബസ് നാലംഗ ഗുണ്ടാസംഘം അടിച്ച് തകർത്തതാണ്.
ഇതിൽ കുപ്രസിദ്ധ കുറ്റവാളി കാസർകോട് ഭീമനടി ഒറ്റത്തെയ്യിൽ വീട്ടിൽ ഒ.ടി. ഷമീർ (ആട് ഷമീർ-34), കാസർകോട് കൊളവയൽ, സുമയ്യ മൻസിലിൽ അബ്ദുൽ അസീസ് (31), തിരുവനന്തപുരം നെടുമങ്ങാട് ചെറ്റച്ചൽ ആഷ്ന മൻസിൽ അമീൻ അജ്മൽ (25) എന്നിവരാണ് പിടയിലായത്. കോടതി റിമാൻഡ് ചെയ്ത ഇവരെ കൊഴിക്കോട് സബ് ജയിലിലേക്കാണ് മാറ്റിയത്.
കേസിൽ ഒളിവിൽപോയ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേ ശി അമൽ എന്ന കിടുക്കിനെ (25) പിടികൂടാനുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
2025 ഫെബ്രുവരി 17നാണ് പുത്തൂർ അമ്പലംകണ്ടിയിലെ സ്ഥാപനത്തിൽനിന്ന് ഭക്ഷണം കഴിക്കാനെന്ന പേരിൽ കാറിൽ യുവാവിനെ കയറ്റിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ ഇറക്കിവിട്ട സംഭവം നടന്നത്. 2024 ഡിസംബർ 24നാണ് കിഴക്കോത്ത് താനിക്കൽ മുഹമ്മദ് സാലിക്ക് (41) രാത്രിയിൽ സാലിയുടെ ഉടമസ്ഥതയിലുള്ള ഈസ്റ്റ് കിഴക്കോത്ത് കെട്ടിടത്തിൽവെച്ച് ഇന്നോവ കാറിലെത്തിയ അജ്ഞാതസംഘത്തിന്റെ വെട്ടേറ്റത്. 2024 ആഗസ്റ്റിലാണ് വാവാട് സെന്റർ കപ്പലാം കുഴിയിൽ എട്ടാം കണ്ടത്തിൽ താമസിക്കുന്ന മുഹമ്മദ് നിസാബിനെ (27) കാറിലെത്തിയ രണ്ടംഅംഗ സംഘം വീട്ടിൽ കയറി വടിവാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടന്നത്.
വാവാട് എരഞ്ഞോണ സ്വദേശിയായ യുവാവിന് നേരെയും രാത്രിയിൽ അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. തൃശൂരിലുള്ള മോഷണസംഘമാണ് ക്വട്ടേഷൻ ഏറ്റെടുത്ത് ജ്വല്ലറി ഉടമയെ കത്തികാട്ടി കാറിടിപ്പിച്ച് സ്വർണം കവർച്ച ചെയ്തത്. എളേറ്റിൽ വട്ടോളിയിലും വ്യാപാരിയെ തട്ടിക്കൊണ്ട് പോയി മർദിച്ച് പരിക്കേൽപിച്ച സംഭവമുണ്ടായിരുന്നു. ഇതിൽ മിക്ക കേസുകളും പണമിടപാടുമായി ബന്ധപ്പെട്ടതാണ്. നാട്ടിൽ വർധിച്ചുവരുന്ന ഗുണ്ടാസംഘങ്ങളുടെ ആക്രമണങ്ങൾ നിയമപാലകർ തടയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

