കക്കയം ഡാം സൈറ്റ് ടൂറിസം കേന്ദ്രത്തിൽ ഭക്ഷണശാലകൾ ഇല്ലാത്തത് ദുരിതമാവുന്നു
text_fieldsകക്കയം ഡാമിൽ അടഞ്ഞുകിടക്കുന്ന ഹോട്ടൽ
കൂരാച്ചുണ്ട്: ഭക്ഷണശാലകൾ അടച്ചതോടെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയം ഹൈഡൽ -ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് ദുരിതം.
കക്കയത്തുനിന്ന് 14 കിലോമീറ്ററോളം സഞ്ചരിച്ച് ഡാം മേഖലയിൽ എത്തുന്ന സഞ്ചാരികൾക്ക് ലഘുഭക്ഷണശാല പോലും ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ നിലവിലുള്ള ഭക്ഷണശാല നടത്തുന്നതിനായി വലിയ തുക ഏർപ്പെടുത്തിയത് കാരണം ടെൻഡർ വിളിക്കാൻ ആരുമെത്താറില്ല. വന്യമൃഗശല്യവും കാലാവസ്ഥയും പ്രതികൂലമായ സാഹചര്യങ്ങളിലും ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതും ടെൻഡർ തുകയിൽ കുറവ് വരുത്താൻ തയാറാകാത്തതും ഭക്ഷണശാലകൾ ഏറ്റെടുക്കാൻ ആളുകൾ തയാറാവാത്തതിന്റെ കാരണമാണ്.
പ്രതിഷേധ കടയുമായി യൂത്ത് കോൺഗ്രസ്
കൂരാച്ചുണ്ട്: ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന കക്കയം ഡാം സൈറ്റ് മേഖലയിൽ ഭക്ഷണശാലകൾ ഇല്ലാത്തത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കുട്ടികൾ അടക്കമുള്ളവർക്കൊപ്പം സ്ഥലത്തെത്തുമ്പോഴാണ് ഇവിടെ ഭക്ഷണശാലകൾ ഇല്ലായെന്ന് മനസ്സിലാവുന്നത്. അധികൃതർ വേണ്ട നടപടി സ്വീകരിക്കണം. ഭക്ഷണശാലകൾ നടത്തുന്നതിനാവശ്യമായി ഏർപ്പെടുത്തിയ ടെൻഡർ തുകയിൽ കുറവ് വരുത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ബുധനാഴ്ച ഡാം സൈറ്റ് മേഖലയിൽ ‘പ്രതിഷേധ കട’ സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. ജോസ്ബിൻ കുര്യാക്കോസ്, സന്ദീപ് കളപ്പുരയ്ക്കൽ, ജെറിൻ കുര്യാക്കോസ്, ജ്യോതിഷ് രാരപ്പൻകണ്ടി, രാഹുൽ രാഘവൻ, അജ്മൽ ചാലിടം, വിഷ്ണു തണ്ടോറ, ബിബിൻ മലേപറമ്പിൽ, നിഖിൽ വെളിയത്ത്, ജാക്സ് കരിമ്പനക്കുഴി, ശ്വേത ജിൻസ്, അക്ഷത മരുതോട്ട്കുനിയിൽ, ലിബിൻ പാവത്തികുന്നേൽ, പി.സി. ജിന്റോ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

