മണിക്കൂറുകളോളം ചുരം മുടക്കി മൂന്നു വാഹനങ്ങൾ
text_fieldsതാമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സത്തെ തുടർന്ന് വാഹനങ്ങളുടെ നീണ്ട നിര
താമരശ്ശേരി: ചുരത്തിൽ തിങ്കളാഴ്ച മൂന്നു വാഹനങ്ങൾ യന്ത്രത്തകരാറുമൂലം കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച പുലർച്ച മൂന്നരയോടെ ചുരം ആറാം വളവിനും ഏഴാം വളവിനുമിടയിലായി രണ്ട് ചരക്ക് ലോറികളാണ് കേടായി കുടുങ്ങിയത്. ഇതോടെ ചുരത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയിലായി.
പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടുന്നതിനിടെ ആറാം വളവിന് സമീപം മറ്റൊരു ലോറി കേടായി കുടുങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഈ സമയം വൈത്തിരി മുതൽ രണ്ടാം വളവ് വരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. പന്ത്രണ്ടോടെ, കുടുങ്ങിയ ലോറികൾ മാറ്റിയെങ്കിലും ഗതാഗതക്കുരുക്കിന് അയവുണ്ടായില്ല. വൈകീട്ട് മൂന്നോടെയാണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനായത്.

