ഈങ്ങാപ്പുഴ: എസ്.ഐയെ ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തിയതിന് സി.പി.എം പ്രാദേശിക നേതാവിനെതിരെ കേസെടുത്തു. പുതുപ്പാടി ലോക്കൽ കമ്മിറ്റിയംഗവും മുൻ പഞ്ചായത്തംഗവുമായ ഷൈജലിനെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്.
എട്ടാം തീയതിയാണ് ചുങ്കം-ഓമശ്ശേരി റോഡരികിൽ മത്സ്യം മൊത്തവ്യാപാരം നടത്തുന്ന സ്ഥലത്ത് ആളുകൾ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ കൂട്ടംകൂടി നിന്നതിനെ ട്രാഫിക് എസ്.ഐ ഹമീദ് ചോദ്യംചെയ്തത്. വിപണന അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും നടത്തിപ്പുകാരൻ പിന്നീട് വിശദീകരണം ബോധിപ്പിക്കുകയും ചെയ്തു.
എന്നാൽ ഇക്കാര്യം സൂചിപ്പിച്ച് ബുധനാഴ്ച വൈകീട്ട് ആറരക്ക് തന്നെ ഫോണിൽ വിളിച്ച് ഷൈജൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും വാട്സ് ആപ്പിൽ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചെന്നും കാണിച്ച് ഇൻസ്പെക്ടർക്ക് എസ്.ഐ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്.
അതേസമയം, ട്രാഫിക് എസ്.ഐ തെൻറ അധികാരപരിധിയിൽപെടാത്ത കാര്യത്തിൽ ഇടപെട്ട് മീൻകച്ചവടക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടതിനെ ചോദ്യംചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ഷൈജൽ പറഞ്ഞു.