റേഷന്‍ ലഭിക്കാൻ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് അധികൃതർ
text_fieldsതാമരശ്ശേരി:റേഷന്‍ സാധനങ്ങൾ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നിര്ബന്ധമില്ലെന്നുംപൊതുവിതരണ വകുപ്പ് ഈയിടെ പുറത്തിറക്കിയ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്, റേഷന്‍ ലഭിക്കുന്നതിന് നിര്‍ബന്ധമാണെന്ന് കാര്‍ഡുടമകളെ തെറ്റിദ്ധരിപ്പിച്ച് അമിത വില ഈടാക്കി ചില കേന്ദ്രങ്ങൾ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് നല്‍കുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
കാര്‍ഡുടമകള്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന ഉത്തരവ് പൊതുവിതരണ വകുപ്പ് ഇതുവരെ നല്‍കിയിട്ടില്ല. പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് പകരമായി ആധാര്‍ വലുപ്പത്തിലുള്ള ഇ-റേഷന്‍ കാര്‍ഡ്, പ്ലാസ്റ്റിക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് എന്നിവയാണ് നിലവില്‍ അനുവദിക്കുന്നത്. സപ്ലൈ ഓഫിസില്‍ വരാതെതന്നെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ വകുപ്പിന്റെ വെബ്സൈറ്റിലോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ കാര്‍ഡുടമകള്‍ക്ക് കാര്‍ഡുകള്‍ പ്രിന്റെടുത്ത് ഉപയോഗിക്കാം.
ഇ-റേഷന്‍ കാര്‍ഡിന് 25 രൂപ, പ്ലാസ്റ്റിക് സ്മാര്‍ട്ട് കാര്‍ഡിന് 65 രൂപ എന്നിങ്ങനെയാണ് അക്ഷയ കേന്ദ്രങ്ങളിലെ സര്‍ക്കാര്‍ നിശ്ചയിച്ച പ്രിന്റിങ് ചാർജ്. പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡ് കൈവശമുള്ളവര്‍ തുടര്‍ന്നും അതുതന്നെ ഉപയോഗിച്ചാല്‍ മതിയെന്നും ടി.എസ്.ഒ അറിയിച്ചു.

