മാനുഷിക മൂല്യങ്ങൾ വിദ്യാർഥികളിലൂടെ വളർത്തി എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: പ്രിയങ്ക ഗാന്ധി എം.പി
text_fieldsകൈതപ്പൊയിൽ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ സിൽവർ ജൂബിലി ഉദ്ഘാടനവും മോണ്ടിസോറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിർവഹിച്ച് പ്രിയങ്ക ഗാന്ധി എം.പി സംസാരിക്കുന്നു
താമരശ്ശേരി: മാനുഷിക മൂല്യങ്ങൾ വിദ്യാർഥികളിലൂടെ വളർത്തി എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി പറഞ്ഞു. കൈതപ്പൊയിൽ എം.ഇ.എസ്. സെൻഡ്രൽ സ്കൂൾ സിൽവർ ജൂബിലി ഉദ്ഘാടനവും മോണ്ടിസോറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
21ാം വയസ്സിൽ ഒരു മോണ്ടിസോറി അധ്യാപികയായി തന്റെ വിദ്യാഭ്യാസ-സാമൂഹിക യാത്ര ആരംഭിക്കുകയും വിഷയപാഠങ്ങൾ പഠിപ്പിക്കുന്നതിലുപരി, കുട്ടികളെ നല്ല മനുഷ്യരാക്കി വളർത്തുകയാണ് യഥാർഥ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് തനിക്ക് തിരിച്ചറിയാൻ സാധിച്ചു.
സ്നേഹം, കരുണ, സഹാനുഭൂതി തുടങ്ങിയ മാനുഷിക മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുമ്പോഴാണ് അവർ സമൂഹത്തിനും രാജ്യത്തിനും വിലപ്പെട്ട പൗരന്മാരായി മാറുന്നതെന്നും കുട്ടികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
ഇത്തരത്തിലുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ പരിശ്രമിച്ച നല്ല വ്യക്തിത്വങ്ങളുടെ സമർപ്പിത പ്രവർത്തനങ്ങളുടെ ഫലമായി മൂല്യങ്ങൾ നെഞ്ചിലേറ്റിയ പൗരൻമാരെ സൃഷ്ടിക്കാൻ കഴിയുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ആറാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ അജ്മിയാണ് പ്രിയങ്കഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷതവഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, അന്നക്കുട്ടി ദേവസ്യ, ബിജു താന്നിക്കാക്കുഴി, വി.പി. അബ്ദുറഹ്മാൻ, ഡോ. റഹീം ഫസൽ, സി. ട. സക്കീർ ഹുസൈൻ, കെ.വി. സലീം, മാനേജർ കെ.എം.ഡി. മുഹമ്മദ്, ട്രഷറർ എ.സി. അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് ഗേൾ ഹിഫ്ത കദീജ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

