നെഞ്ചുവേദനയുമായി സ്വയം ബൈക്ക് ഓടിച്ച് ആശുപത്രിയിൽ എത്തിയ മത്സ്യവ്യാപാരി മരിച്ചു
text_fieldsതാമരശ്ശേരി: നെഞ്ചുവേദനയുണ്ടായിട്ടും സ്വയം ബൈക്ക് ഓടിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിയ മത്സ്യവ്യാപാരി പരിശോധനകൾക്കിടെ മരിച്ചു. താമരശ്ശേരി കാരാടിയിലെ മത്സ്യവ്യാപാരി കുടുക്കിലുമ്മാരം അരയറ്റകുന്നുമ്മൽ അബ്ബാസ് (58) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ആറോടെയാണ് സംഭവം. അബ്ബാസ് പരിശോധന നടത്തിയ ശേഷം ഇ.സി.ജി എടുക്കുകയായിരുന്നു ഇതിനിടെ ഛർദിക്കുകയും മരിക്കുകയുമായിരുന്നു.
മരണം സ്ഥിരീകരിച്ച ഡോക്ടർ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്ന് പറഞ്ഞ് പൊലീസിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, പോസ്റ്റ്മോർട്ടം നടത്തേണ്ടെന്നും മരണം ആശുപത്രിയിലാണെന്നും അസ്വഭാവികതയില്ലെന്നും പറഞ്ഞ് ബന്ധുക്കൾ വാക്കേറ്റം നടത്തി. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി. മരണത്തിൽ അസ്വാഭാവികതയില്ലാത്തതിനാൽ പിന്നീട് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഭാര്യമാർ: ആസ്യ, സുഹറ. മക്കൾ: ഷൈജൽ റഹ്മാൻ, മുഹമ്മദ് അദ്‌നാൻ. മരുമകൾ: മുഹ്‌സിന.