താമരശ്ശേരിയില്‍ മയക്കുമരുന്നുമായി നാലുപേര്‍ അറസ്റ്റില്‍
text_fieldsമയക്കുമരുന്നുമായി പിടിയിലായവർ
താമരശ്ശേരി: മയക്കുമരുന്നുമായി നാലുപേര്‍ അറസ്റ്റിൽ. ബാലുശ്ശേരി കരുമല താന്നിക്കല്‍ ശരത്ത് (24) ബാലുശ്ശേരി കിനാലൂര്‍ ഏഴുക്കണ്ടി താഴെമഠത്തില്‍ ജുബിന്ഷാന് (22), താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപുറം സക്കരിയ (27), ഉണ്ണികുളം ഉമ്മിണിക്കുന്ന് ചെറുവത്ത്പൊയില് മുഹമ്മദ് ദില്‍ഷാദ് (23) എന്നിവരാണ് പിടിയിലായത്. 240 മില്ലി ഗ്രാം വരുന്ന 17 എല്‍.എസ്.ഡി സ്റ്റാമ്പ്, 790 മില്ലി ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് എന്നിവയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു.
വെള്ളിയാഴ്ച രാത്രി 11.25 ഓടെ താമരശ്ശേരി-മാനിപുരം റോഡില്‍ അണ്ടോണയില്നിന്നാണ് ഇവര്‍ പിടിയിലായത്. ഡി.വൈ.എസ.്പി ടി.കെ. അഷ്റഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയില്‍ സി.ഐ എം.പി. രാജേഷ്, എസ്.ഐ കെ. സനല്‍രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ ശരത് 2017ല്‍ മൂന്ന് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായിരുന്നു. സക്കരിയ ഒരു മാസം മുമ്പാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്.
പ്രതികളെ കോവിഡ് പരിശോധനക്കു ശേഷം താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. ജൂനിയര്‍ എസ.്ഐ അനൂപ്, എസ്.ഐമാരായ അനില്‍, അനീഷ്, സീനിയര്‍ സി.പി.ഒ ബിനീഷ് തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

