വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
text_fieldsrepresentational image
താമരശ്ശേരി: ഭിന്നശേഷിക്കാരിയായ യുവതിയെയും മാതാവിനെയും ഒരുസംഘം യുവാക്കൾ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. കട്ടിപ്പാറ പൂലോട് താണ്ടിയേക്കല്‍ ഗഫൂറിന്റെ വീട്ടിലാണ് വൈശാഖ്, ഷാഹുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗസംഘം ആക്രമണം നടത്തിയതായി ഗഫൂറിന്റെ ഭാര്യ ഫൗസിയ താമരശ്ശേരി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
ഇക്കഴിഞ്ഞ 21നാണ് സംഭവം. രാത്രി ഒമ്പതോടെ ഭര്‍ത്താവ് സ്ഥലത്തില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചുകടന്ന് തന്നെയും ഭിന്നശേഷിക്കാരിയായ മകളെയും ഭര്‍ത്താവിന്റെ സഹോദരീപുത്രനായ മുഹമ്മദ് റുവൈസിനെയും മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്പിക്കുകയായിരുന്നുവെന്ന് ഫൗസിയ പറഞ്ഞു.
സംഘങ്ങളുടെ ആക്രോശവും ബഹളവും കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആക്രമണത്തില്‍നിന്ന് കുടുംബത്തെ രക്ഷിച്ചതെന്നും ഫൗസിയയുടെ പരാതിയില്‍ പറയുന്നു. വയനാട് മേപ്പാടി ഗവ. പോളിടെക്നിക്കിലുണ്ടായ വിദ്യാർഥി സംഘട്ടനത്തിന്റെ തുടര്‍ച്ചയാണ് റുവൈസിനെ സംഘം തിരഞ്ഞെത്തി ആക്രമണത്തിനു കാരണമായതെന്നറിയുന്നു.
ഗുരുതരമായി പരിക്കേറ്റ റുവൈസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെയും ഫൗസിയയേയും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശ്രീജിത്ത്, സ്റ്റാലിന് എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

