താമരശ്ശേരി ചുരത്തിൽ കേന്ദ്ര സംഘം പരിശോധന നടത്തി
text_fieldsപുതുപ്പാടി: താമരശ്ശേരി ചുരത്തിൽ പാറയിടിച്ചിലുണ്ടായ സ്ഥലത്ത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മോര്‍ത്ത് റിട്ട. എ.ഡി.ജി ആര്.കെ. പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചുരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഐ.ഐ.ടി പാലക്കാട് പ്രഫസര്‍ കെ. ദിവ്യ, മോര്‍ത്ത് കേരള റീജനല്‍ ഓഫിസര്‍ ബി.ടി. ശ്രീധര തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. പരിശോധനക്കു ശേഷം സംഘം ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി.
പ്രദേശത്ത് തുടര്‍അപകടങ്ങള്‍ തടയുന്നതിന് താല്ക്കാലികവും സ്ഥിരവുമായ നിർദേശങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് മോര്‍ത്ത് പ്രതിനിധികള്‍ അറിയിച്ചു. മുകള്‍ ഭാഗത്തെ പാറകള്‍ പൊട്ടിച്ചുനീക്കുന്നത് കൂടുതല്‍ അപകടത്തിന് ഇടവരുമെന്നതാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. പകരം പാറയിടിച്ചില്‍ തടയുന്നതിന് താല്‍ക്കാലിക പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കും.
പ്രദേശത്തിന്റെ ഭൂമിശാസ്ത്ര ഘടന, മണ്ണിന്റെ സ്വഭാവം ഉള്‍പ്പെടെ കൂടുതല്‍ പഠനത്തിന് വിധേയമാക്കിയ ശേഷം സ്ഥിരംപരിഹാര മാര്‍ഗങ്ങൾ കൈക്കൊള്ളാനാണ് തീരുമാനം. കഴിഞ്ഞ ആഗസ്റ്റ് 26നാണ് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് ദിവസങ്ങളോളം ചുരത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു
എൻ.ഐ.ടി സിവില്‍ വിഭാഗം പ്രഫസര്‍ സന്തോഷ് ജി. തമ്പി, പി.ഡബ്ല്യു.ഡി എന്‍.എച്ച് വിഭാഗം എക്സിക്യുട്ടിവ് എൻജിനീയര്‍ കെ.വി. സുജീഷ്, ജില്ല സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ എം. രാജീവ്, താമരശ്ശേരി തഹസില്‍ദാര്‍ സി. സുബൈര്‍, ഹസാര്‍ഡ് അനലിസ്റ്റ് പി. അശ്വതി, അസിസ്റ്റന്റ് ജിയളോജിസ്റ്റുമാരായ അഖില്‍, ദീപ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

