പുതുപ്പാടിയിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
text_fieldsതാമരശ്ശേരി: പുതുപ്പാടിയിൽ പട്ടാപകൽ സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. പുതുപ്പാടി കരികുളം സ്വദേശിയുടെ മകനായ ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയെയാണ് ബുധനാഴ്ച രാവിലെ ഒമ്പതരക്ക് ഒമ്നി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.
സ്കൂളിലേക്കുളള യാത്രക്കിടെ പൂലോട് പാലത്തിന് സമീപം വെച്ച് വിദ്യാർഥിയോട് അജ്ഞാത സംഘം പേരും വീട്ടുപേരും ചോദിച്ചു. ഇതിനിടയിൽ ബലമായി വാഹനത്തിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചു. വിദ്യാർഥി ബഹളം വെച്ച് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. സംഘത്തിൽ നാലുപേരാണുള്ളതെന്നാണ് വിദ്യാർഥി പറയുന്നത്.
കാറിലേക്ക് പിടിച്ചുവലിക്കുന്നതിനിടെ കുട്ടിയുടെ കൈക്ക് പരിക്കേൽക്കുകയും ബാഗ് കീറുകയും ചെയ്തിട്ടുണ്ട്. മാതാപിതാക്കളോടൊപ്പം സ്കൂളിലെത്തി പ്രധാനാധ്യാപകനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പൊലീസ് സ്കൂളിലും സംഭവസ്ഥലത്തും എത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസ് തൊട്ടടുത്തുള്ള സി.സി.ടി.വി കാമറകൾ പരിശോധിച്ചുവരുകയാണ്.

