കവർച്ച നടത്തി രക്ഷപ്പെടുന്നതിനിടെ അപകടത്തിൽപ്പെട്ടു; മോഷ്ടാവ് അബോധാവസ്ഥയിൽ
text_fieldsതാമരശ്ശേരി: മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ ബൈക്ക് അപകടത്തിൽപ്പെട്ട് മോഷ്ടാവ് അബോധാവസ്ഥയിലായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ. തച്ചംപൊയിൽ പി.സി മുക്ക് പുത്തൻതെരുവിൽ പി.ടി. അഷ്റഫിന്റെ പി.ടി സ്റ്റോറിലാണ് വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ കള്ളൻ കയറിയത്. കടയുടെ ഷട്ടർ തുറന്നുകിടക്കുന്നത് കണ്ട പ്രദേശവാസി കടയുടെ സമീപം താമസിക്കുന്ന സ്ഥാപനമുടമയെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടുന്നതു കണ്ട മോഷ്ടാവ് ബൈക്കിൽ കയറി രക്ഷപ്പെട്ടു. മോഷ്ടാവ് കടയിൽ നിന്ന് സിഗരറ്റ് അടക്കമുള്ള സാധനങ്ങളും മൊബൈൽ ഫോണും കൈക്കലാക്കിയിരുന്നു.
ഇയാൾ സഞ്ചരിച്ച ബൈക്ക് മായനാടിനു സമീപം മറ്റൊരു വാഹനത്തിലിടിച്ച് അപകടത്തിൽപ്പെട്ടു. പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ആളുടെ പോക്കറ്റിൽനിന്ന് ലഭിച്ച ഫോണിലെ നമ്പറിലേക്ക് വിളിച്ചപ്പോഴാണ് ഫോൺ മോഷ്ടിച്ചതാണെന്നറിയുന്നത്. കടയുടമ അഷ്റഫിന്റെ കടയിലെ ഫോണായിരുന്നു ഇത്. അങ്ങനെയാണ് മോഷ്ടാവാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്. മോഷ്ടാവിനെ രാത്രി വൈകുംവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മോഷ്ടാവ് എത്തിയ ബൈക്കും മോഷ്ടിച്ചതാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

