ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നര്‍ ലോറിക്ക് തീപിടിച്ചു
text_fieldsതാമരശ്ശേരി ചുരത്തില്‍ ഓട്ടത്തിനിടെ തീപിടിച്ച കണ്ടെയ്നര്‍ ലോറി
താമരശ്ശേരി: ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നര്‍ ലോറിക്ക് തീപിടിച്ചു. ഒന്നാം വളവിന് സമീപം ചിപ്പിലിത്തോട്ടില്‍ ശനിയാഴ്ച പുലര്‍ച്ച 5.15ഓടെയാണ് സംഭവം. ലോറിയുടെ മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നതു കണ്ട ഡ്രൈവര്‍ തൃശൂര്‍ നാട്ടിക സ്വദേശി ഷെമീര്‍ ലോറി നിര്‍ത്തി ഒപ്പമുണ്ടായിരുന്ന ഭിന്നശേഷി സഹോദരന് നിസാമുദ്ദീനെയും ലോറിയില്‍ നിന്നിറക്കി സുരക്ഷിത സ്ഥലത്തേക്ക് മാറ്റുമ്പോഴേക്കും തീ പടര്‍ന്നിരുന്നു. ലോറിയുടെ മുന്‍ഭാഗം പൂർണമായും കത്തിനശിച്ചു. മുക്കത്തുനിന്നും കൽപറ്റയില്നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
സംഭവത്തെ തുടർന്ന് ചുരത്തില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. എറണാകുളത്തുനിന്ന് ടൈല്‍സ് കയറ്റി സുല്‍ത്താന്‍ ബത്തേരിയിലേക്കു പോകുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു. മുക്കം ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളായ സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഷുക്കൂർ, നാസർ, ജയേഷ്, ജലീൽ, ഒ. നജുമുദ്ദീൻ, സലീം, മിഥുൻ, വി.എം. മിഥുൻ, രത്നരാജൻ, രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് തീയണക്കാനെത്തിയത്.