റോഡരികിൽ മാലിന്യം തള്ളിയ രണ്ടുപേർക്കെതിരെ കേസെടുത്തു
text_fieldsഎട്ടേക്ര ഭാഗത്ത് റോഡരികിൽ മാലിന്യം തള്ളിയ നിലയിൽ
താമരശ്ശേരി: പുതുപ്പാടി എട്ടേക്ര ഭാഗത്ത് കോഴിക്കോട് നഗരത്തിൽ നിന്നും ശേഖരിച്ച മാലിന്യം ലോറിയിലെത്തിച്ച് തള്ളിയ സംഭവത്തിൽ രണ്ടു പേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. പുതുപ്പാടി എലോക്കര കുന്നിക്കൽ റഫീഖ്, ഈങ്ങാപ്പുഴ സ്വദേശി ശുഹൈബ് എന്നിവർക്കെതിരെയാണ് പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജനവാസ മേഖലയിൽ മാലിന്യം തള്ളിയത്. നാട്ടുകാർ നടത്തിയ പരിശോധനയിൽ കോഴിക്കോട് നഗരത്തിൽ നിന്നും ശേഖരിച്ചതായുള്ള രേഖകൾ ലഭിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ മാലിന്യം കയറ്റിയ വാഹനത്തെ കുറിച്ചുള്ള വിവരം ലഭിക്കുകയും പൊലീസിനും ഗ്രാമ പഞ്ചായത്ത് അധികൃതർക്കും കൈമാറുകയുമായിരുന്നു.

