പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; അനയയുടെ മരണകാരണം വൈറൽ ന്യുമോണിയ
text_fieldsതാമരശ്ശേരി താലൂക്ക് ആശുപത്രി
കോഴിക്കോട്: താമരശ്ശേരിയില്‍ ഡോക്ടറെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ അറസ്റ്റിലായ സനൂപിന്റെ മകൾ അനയയുടെ മരണകാരണം വൈറൽ ന്യുമോണിയയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണ് കുട്ടി മരിച്ചതെന്ന് നേരത്തേ ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
കുട്ടിയുടെ നട്ടെല്ലിൽനിന്നെടുത്ത സ്രവം കോഴിക്കോട് മെഡിക്കൽ കോളജ് മൈക്രോബയോളജി ലാബിൽ വെറ്റ് മൗണ്ട് പരിശോധനക്ക് വിധേയമാക്കിയപ്പോൾ ചലിക്കുന്ന അമീബയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത കുട്ടി ആഗസ്റ്റ് 14നാണ് മരിച്ചത്. തുടർന്ന് കുട്ടിയുടെ രണ്ട് സഹോദരങ്ങളെ നിരീക്ഷണത്തിലാക്കുകയും ഇവരിൽ ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയും ചെയ്തു.
ഈ കുട്ടി മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ചികിത്സക്കുശേഷം രോഗമുക്തി നേടി. ഇതിനുശേഷമാണ് സനൂപ്, മകൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരമായിരുന്നില്ലെന്നും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സമയത്തിന് ചികിത്സ ലഭിക്കാത്തതും മെഡി. കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാൻ വൈകിയതുമാണ് മരണകാരണമെന്നും പറഞ്ഞ് ഡോക്ടറെ വെട്ടിപ്പരിക്കേൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

