തൃതീയ അർബുദ പരിചരണ കേന്ദ്രം ഫാർമസിയിൽ കീമോക്കുള്ള ഇഞ്ചക്ഷൻ മാത്രം
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് തൃതീയ അർബുദ പരിചരണ കേന്ദ്രത്തിലെ ഫാർമസിയിൽ അത്യാവശ്യ മരുന്നുകൾ ലഭ്യമാക്കാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. കീമോ കഴിഞ്ഞുമടങ്ങുന്ന രോഗികൾ മരുന്ന് വാങ്ങാൻ രണ്ടു കി.മീറ്റർ നടന്ന് ഒ.പി ഫാർമസിയിൽ എത്തണം. കീമോക്കുള്ള ഇഞ്ചക്ഷൻ മാത്രമാണ് തൃതീയ അർബുദ കേന്ദ്രത്തിൽ, സൗജന്യമായി മരുന്ന് നൽകുന്ന ഫാർമസിയിൽനിന്ന് കൊടുക്കുന്നത്.
ഇതിന്റെ കൂടെ രോഗിക്ക് ലഭിക്കേണ്ട മറ്റ് മരുന്നുകൾ വാങ്ങാൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒ.പി ഫാർമസിയിൽ എത്തണം. തൃതീയ കേന്ദ്രത്തിൽ ഫാർമസി യൂനിറ്റും മരുന്ന് എടുത്ത് നൽകാൻ രണ്ടു ഫാർമസിസ്റ്റുകളും ഉണ്ടെന്നിരിക്കെയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളെ മരുന്നിനായി വട്ടംകറക്കുന്നത്. നേരത്തെ ഒരു ഫാർമസിസ്റ്റ് മാത്രം ഉണ്ടായിരുന്ന കേന്ദ്രത്തിൽ ആറുമാസം മുമ്പാണ് കരാർ അടിസ്ഥാനത്തിൽ ഒരുഫാർമസിസ്റ്റിനെക്കൂടി നിയമിച്ചത്.
മാത്രമല്ല മെഡിക്കൽ കോളജ് ആശുപത്രി സ്റ്റോറിൽനിന്ന് തൃതീയ കേന്ദ്രത്തിലേക്ക് മരുന്നുകൾ എത്തിക്കുന്നതിന് സ്വകാര്യ ബാങ്ക് സ്പോൺസർചെയ്ത പ്രത്യേക വാഹനവുമുണ്ട്. എന്നിട്ടും രോഗികൾക്ക് അത്യാവശ്യം വേണ്ട മരുന്നുകൾ തൃതീയ അർബുദ കേന്ദ്രത്തിലെ ഫാർമസിയിൽ എത്തിക്കാൻ ആശുപത്രി അധികൃതർ നടപടി സ്വീകരിക്കാത്തത് ആക്ഷേപത്തിന് ഇടയാക്കുകയാണ്. നിരവധി തവണ രോഗികൾ ഇതുസംബന്ധിച്ച് ആശുപത്രി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല.
നിലവിൽ തൃതീയ അർബുദ പരിചരണ കേന്ദ്രത്തിൽ അഡ്മിറ്റ് രോഗികൾ ഇല്ലെന്നും കീമോ ചെയ്തു മടങ്ങുന്ന രോഗികൾ മാത്രമേ എത്താറുള്ളൂവെന്നും അതിനാലാണ് കീമോ മരുന്നുകൾ മാത്രം ഇവിടെയുള്ള ഫാർമസിയിൽ ലഭ്യമാക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. അഡ്മിറ്റ് രോഗികൾ ഇല്ലാത്തതിനാൽ മറ്റ് മരുന്നുകൾ ഇവിടെ എത്തിക്കാറില്ല.
അഡ്മിറ്റ് രോഗികൾ മെഡിക്കൽ കോളജ് ആശുപത്രിയിലായതിനാൽ മരുന്നുകളും അവിടെയാണ് ലഭ്യമാക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മറ്റ് അർബുദ വാർഡുകളെല്ലാം തൃതീയ അർബുദ കേന്ദ്രത്തിലേക്കുമാറ്റാനുള്ള നീക്കം നടന്നു കൊണ്ടിരിക്കുകയാണെന്നും വാർഡുകൾ മാറ്റുന്നതോടെ പ്രശ്നത്തിന് പരിഹാരമാവുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

