സി.എച്ച് പാലത്തിനടിയിൽ താൽക്കാലിക കടമുറികൾ
text_fieldsകോഴിക്കോട്: നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സി.എച്ച് മേല്പാലത്തിനടിയിൽനിന്ന് കുടിയൊഴിപ്പിച്ച കച്ചവടക്കാരെ താൽക്കാലിക കടമുറികളൊരുക്കി പുനരധിവസിപ്പിക്കുന്നതിന് നടപടിയാവുന്നു. ഇവിടെ പൊളിച്ചുമാറ്റി പുനരുപയോഗിക്കാവുന്ന തരത്തിലുള്ള താൽക്കാലിക കടമുറികൾ നിർമിക്കുന്നിനുള്ള രൂപരേഖ ചൊവ്വാഴ്ച ചേരുന്ന നഗരസഭ കൗൺസിൽ പരിഗണിക്കും. അംഗീകാരം ലഭിച്ചാലുടൻ മറ്റ് നടപടികളിലേക്ക് കടക്കും. കരട് പ്ലാൻ സഹിതം സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ചശേഷമാണ് കൗൺസിൽ പരിഗണനക്ക് വിടുന്നത്.
പാലം നവീകരിക്കുന്നതിന്റെ ഭാഗമായി അടിയിലെ കടമുറികൾ 2022 നവംബർ-ഡിസംബർ മാസങ്ങളിലാണ് ഒഴിപ്പിച്ചത്. പിന്നീട് നവീകരണം പൂർത്തിയാക്കി പാലം തുറന്നുകൊടുത്തെങ്കിലും വ്യാപാരികളെ പുനരധിവസിപ്പിച്ചിരുന്നില്ല. പൊളിച്ചുമാറ്റിയ കടകൾക്ക് പകരം താൽക്കാലിക ടിൻ കൊണ്ടുള്ള കടകൾ അനുവദിക്കുമെന്ന വാഗ്ദാനം കോർപറേഷൻ ഇതുവരെ നടപ്പാക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
4.47 കോടി രൂപയുടെ നവീകരണ പ്രവർത്തനമാണ് മേൽപാലത്തിൽ പൂർത്തിയാക്കിയത്. കൈവരികൾ പൂർണമായി മാറ്റി. തുരുമ്പെടുക്കാതിരിക്കാനുള്ള കാതോഡിക് സുരക്ഷയുമൊരുക്കി. ഇതിലൂടെ 15-30 വർഷത്തോളം പാലം ബലത്തോടെ നിൽക്കുമെന്നാണ് കണക്കാക്കുന്നത്. തൂൺ ബലപ്പെടുത്തൽ, ടാറിങ്, പെയിന്റിങ് എന്നിവയെല്ലാം ചെയ്തു. മേൽപാലം നവീകരിക്കുന്നതിന്റെ ഭാഗമായി പാലത്തിനടിയിലെ കച്ചവടക്കാർക്ക് ഒഴിയാനുള്ള നോട്ടീസ് നഗരസഭ നൽകുകയായിരുന്നു.
പാലത്തിനടിയിലെ കെട്ടിടങ്ങൾ മുഴുവൻ പൊളിച്ചുനീക്കി സ്ഥലം കോർപറേഷൻ പൊതുമരാമത്ത് വകുപ്പിന് കൈമാറി. കെട്ടിടങ്ങൾ മുഴുവൻ പൊളിക്കാതെ അറ്റകുറ്റപ്പണി നടത്താനാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അറിയിച്ച പ്രകാരമായിരുന്നു നടപടി. ഇതിന് പകരമാണ് താൽക്കാലിക കെട്ടിടങ്ങൾ നിർമിക്കുന്നത്. 1984ലാണ് മൂന്നാം റെയിൽവേ ഗേറ്റിന് കുറുകെ റെഡ് ക്രോസ് റോഡിൽ 25 സ്പാനുകളും 300 മീറ്ററോളം നീളവുമുള്ള നഗരത്തിലെ ആദ്യ മേൽപാലം പൂർത്തിയായത്. 2023 ഒക്ടോബർ 29നാണ് നവീകരണം പൂർത്തിയാക്കി പാലം പൂർണമായി തുറന്നുകൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

