അക്കരെ കടക്കാൻ താൽക്കാലിക പാലം; സുരക്ഷിതമല്ലെന്ന് നാട്ടുകാർ
text_fieldsനാദാപുരം: വിലങ്ങാട് മഞ്ഞച്ചീളിൽ മറുകര പറ്റാൻ പാലമെന്ന സർക്കാർ വാഗ്ദാനം നടപ്പിലായില്ല. വാർഡ് മെംബർ സൽമ രാജുവിന്റെ നേതൃത്വത്തിൽ താൽക്കാലിക സംവിധാനം ഒരുക്കിയെങ്കിലും സുരക്ഷ ഭീതിയിൽ നാട്ടുകാർ. മഞ്ഞച്ചീളിലാണ് ഉരുൾപൊട്ടലിൽ ഒരാളുടെ മരണത്തിനിടയാക്കുകയും നിരവധി വീടുകൾ തകരുകയും ചെയ്ത ദുരന്തം വിതച്ചത്. പാലം തകർന്നതിനെതുടർന്ന് നാട്ടുകാർക്ക് പുറം ലോകവുമായി ആഴ്ചകളോളം ബന്ധപ്പെടാൻ കഴിയാതെ ഒറ്റപ്പെട്ടുപോയിരുന്നു.
ഇവിടെ തകർന്ന പാലത്തിന് പകരം പുതിയ പാലം പണിയണമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രിമാർ, ഉന്നത ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരോട് നിരന്തരം ആവശ്യം ഉന്നയിക്കുകയും പരിഗണിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ, കാലവർഷം തിമിർത്തു പെയ്യാൻ തുടങ്ങിയിട്ടും വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ കടുത്ത അവഗണനയിലാണ് ഇവിടുത്തുകാർ. പാലം പണിയുന്നതിന് പകരം ഉരുൾപൊട്ടലിൽ ഒലിച്ചെത്തിയ പാറക്കൂട്ടങ്ങളും മറ്റും ഉപയോഗിച്ച് കുഴികൾ അടച്ച് താൽക്കാലിക യാത്ര മാർഗം ഒരുക്കുകയായിരുന്നു അധികാരികൾ ചെയ്തത്.
മഴയെത്തിയതോടെ ഉരുൾപൊട്ടൽ തീർത്ത ചാലുകളിലൂടെ ഒഴുകിയെത്തിയ മഴവെള്ളം ഇവിടെ വൻതോതിൽ വെള്ളക്കെട്ട് രൂപപ്പെടുത്തിയതോടെ അപകട ഭീഷണി ഉയർത്തുകയാണ്. ഇതേ തുടർന്ന് വെള്ളമൊഴിഞ്ഞു പോകാൻ താൽക്കാലിക സംവിധാനമൊരുക്കാൻ പ്രദേശവാസികൾ നിർബന്ധിതരാവുകയായിരുന്നു.
ഉരുട്ടി പാലത്തിൽനിന്ന് ഉപേക്ഷിച്ച രണ്ട് സിമന്റ് പൈപ്പ് സ്ഥലത്തെത്തിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് പൈപ്പിനു മുകളിൽ മണ്ണിട്ട് മൂടുകയായിരുന്നു. മഴ കനക്കുന്നതോടെ പൈപ്പിന് മുകളിലെ മണ്ണ് എത്ര കാലം നിൽക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
മഴ ശക്തമായാൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ എല്ലാം തകിടം മറിയുമെന്നും ഇത് വീണ്ടും പ്രദേശത്ത് ഒറ്റപ്പെടലിന്റെ സാധ്യത വർധിപ്പിക്കുമെന്നും മഞ്ഞച്ചീളിന് സമീപത്തെ താമസക്കാർ പറയുന്നു. താൽക്കാലിക നിർമാണത്തെതുടർന്ന് രണ്ടു ദിവസമായി ഇവിടെനിന്ന് പുല്ലുവാ വരെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം തടഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

