സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; പ്രതിയുടെ ഉന്നത ബന്ധവും സമാന കേസിലെ പങ്കാളിത്തവും പരിശോധിക്കുന്നു
text_fieldsകോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ അറസ്റ്റിലായ മുഖ്യ സൂത്രധാരൻ മൂരിയാട് സ്വദേശി പി.പി. ഷബീറിന്‍റെ ഉന്നത ബന്ധങ്ങളും ഇതര ജില്ലകളിലെ സമാന കേസുകളിലുള്ള പങ്കാളിത്തവും അന്വേഷണസംഘം പരിശോധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ സി -ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
എറണാകളും, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് സമാന കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ പാലക്കാട്ടെ കേസിൽ അറസ്റ്റിലായ മൊയ്തീൻ കോയ, ഷബീറിന്‍റെ ബന്ധുവാണെന്ന് നേരത്തേ വ്യക്തമായിട്ടുണ്ട്. വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്ത 12 സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുകളുടെ അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതലയുള്ള തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രയുടെ നേതൃത്വത്തിലുള്ള സംഘവുമായി കോഴിക്കോട്ടെ അന്വേഷണ സംഘം ചർച്ച നടത്തി. മറ്റിടങ്ങളിലെ കേസുകളിൽ സംശയിക്കുന്ന പങ്കാളിത്തം സംബന്ധിച്ച വിവരങ്ങൾ പൂർണമായും ശേഖരിച്ച ശേഷമാവും ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുക.
നേരത്തെ മിലിറ്ററി ഇൻറലിജൻസിന്‍റെ പിടിയിലായി കോഴിക്കോട്ടെ കേസിൽ പ്രതിചേർക്കപ്പെട്ട കോട്ടക്കൽ സ്വദേശി ഇബ്രാഹീം പുല്ലാട്ടിന്‍റെ മൊഴികളടക്കം പരിശോധിച്ച ശേഷമാണ് ഷബീറിനായുള്ള പ്രത്യേക ചോദ്യാവലി തയാറാക്കുക. കേരളത്തിലെയും കർണാടകയിലെയും ഇത്തരം സംഘങ്ങൾക്ക് സിം ബോക്സുകളടക്കം ഉപകരണങ്ങൾ ചൈനയിൽ നിന്ന് എത്തിച്ചുനൽകിയത് ഇബ്രാഹീം പുല്ലാട്ടാണെന്ന് നേരത്തെ വ്യക്തമായിരുന്നു.
കൂടിയാലോചനകൾക്കുശേഷമേ ഷബീറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് കോടതിയിൽ അപേക്ഷ നൽകൂവെന്ന് സി -ബ്രാഞ്ചിന്‍റെ ചുമതല വഹിക്കുന്ന ട്രാഫിക് സൗത്ത് അസി. കമീഷണർ എ.ജെ. ജോൺസൺ പറഞ്ഞു. ഈ സമയം ആവശ്യമെങ്കിൽ മറ്റു കേന്ദ്ര എജൻസികളടക്കം ഇയാളെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍റലിജൻസ് ബ്യൂറോ, എൻ.ഐ.എ, സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് അടക്കമുള്ള ഏജൻസികൾ ഇതിനകം കേസിന്‍റെ വിവരങ്ങൾ തിരക്കിയിട്ടുണ്ട്. വയനാട്ടിൽ പണിയുന്ന റിസോർട്ടിലേക്കെത്തവേ വെള്ളിയാഴ്ച രാത്രി പൊഴുതന-കുറിച്യാർമല റോഡ് ജങ്ഷനിൽ നിന്നാണ് ഷബീർ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.