തങ്കമല ക്വാറി; നിബന്ധനകൾ പാലിച്ച് പ്രവർത്തിക്കണമെന്ന് കലക്ടറുടെ നിർദേശം
text_fieldsതങ്കമല ക്വാറിയുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽനിന്ന്
കോഴിക്കോട്: തങ്കമല കരിങ്കല്‍ ക്വാറി വിഷയത്തില്‍ എണ്‍വയോണ്‍മെന്റ് ക്ലിയറന്‍സ് വ്യവസ്ഥ ചെയ്യുന്ന മുഴുവന്‍ നിബന്ധനകളും പാലിക്കാൻ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് ക്വാറി ഉടമകള്‍ക്ക് നിർദേശം നല്കി. ഇതുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഖനനം നടത്താന്‍ അനുമതിയുള്ള പ്രദേശങ്ങള്‍ പ്രത്യേകമായി അതിരിട്ട് തിരിക്കുക, മലിന ജലം കനാലിലേക്ക് ഒഴുകുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള മാലിന്യ സംസ്കരണ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ നിബന്ധനകള്‍ അടിയന്തരമായി നടപ്പില്‍വരുത്തണം. വൈബ്രേഷന്‍ സ്റ്റഡി നടത്തുന്നതിനായി മേഖലയിലെ വിദഗ്ധരെയും പഞ്ചായത്ത് പ്രതിനിധികളെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കണം. ക്വാറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ യഥാസമയം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് ക്വാറി ഉടമകളും പഞ്ചായത്ത് പ്രതിനിധികളും വില്ലേജ് ഓഫിസറും ഉള്‍പ്പെടുന്ന സമിതി എല്ലാ ആഴ്ചയിലും യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജില്ല കലക്ടര്‍ നിർദേശിച്ചു. പ്രദേശത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന് സ്ഥലം സന്ദര്‍ശിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ്, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമല ടീച്ചര്‍, വടകര ആർ.ഡി.ഒ പി. അന്‍വര്‍ സാദത്ത്, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന് സെബാസ്റ്റ്യന്‍, എന്‍.എം. സുനില്‍, കെ.കെ. സബിന്‍ രാജ്, പി.കെ. ബാബു, വി. ഹമീദ്മാസ്റ്റര്‍, അഷുതോഷ് സിന്‍ഹ, വി. അമൃത, വിമല്‍ പി. മേനോന്, സാവന്‍ ജെയിന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

