താഹിറിന്റെ റീൽ റിയലായി; ബീച്ച് ശുചീകരണത്തിന് ഇനി പ്രോജക്ട് സുലൈമാനി
text_fieldsകോഴിക്കോട്: സഞ്ചാരികളുടെ കണ്ണും മനസ്സും നിറയ്ക്കുന്ന കോഴിക്കോട് ബീച്ച് മാലിന്യത്താൽ വീർപ്പുമുട്ടുകയാണ്. ഫുഡ്സ്ട്രീറ്റിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരാണ് ബീച്ചിനെ മാലിന്യത്തിന്റെ കൂടാരമാക്കി മാറ്റിയത് എന്ന ആക്ഷേപത്തിൽ പതിരുണ്ട്. ഞായറാഴ്ചയല്ലേ...ഒരു ചായ കുടിക്കാമല്ലോ എന്ന് കരുതി കഴിഞ്ഞാഴ്ച താഹിർ എന്നൊരു ചെറുപ്പക്കാരൻ കോഴിക്കോട് ബീച്ചിലെത്തി. എന്നാൽ ബീച്ചിലെ കാഴ്ചകൾ താഹിറിന്റെ മനസ് മടുപ്പിച്ചു. എങ്ങും ഫുഡ് വേസ്റ്റ് നിറഞ്ഞിരിക്കുന്നു. ആളുകൾക്ക് സൂര്യാസ്തമയവും കണ്ട് കടൽക്കാറ്റേറ്റ് സുഖമായി ഇരിക്കാനുണ്ടാക്കിയ പടികളിൽ പോലും വേസ്റ്റ് നിറഞ്ഞിരിക്കുകയാണ്. പാതി കഴിച്ചുവെച്ച ഭക്ഷണവും ഉപേക്ഷിച്ചാണ് ആളുകൾ മടങ്ങുന്നത്. വേസ്റ്റ് ബിന്നിൽ ആരും വേസ്റ്റ് ഇടുന്നേയില്ല. പല വേസ്റ്റ് ബിന്നും കാലിയാണ്. പ്രായമായ ആളുകൾ പോലും ഇരിക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നു. ഇതിനൊരു പരിഹാരം കണ്ടേ മതിയാകൂ എന്ന് താഹിർ ഉറപ്പിച്ചു. എം.ബി.എ വിദ്യാർഥിയാണ് താഹിർ.
ബീച്ചിലെ വേസ്റ്റിനെ കുറിച്ച് താഹിർ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടു. മാലിന്യപ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന ഒരു ചോദ്യവും ഉന്നയിച്ചു. 21 മണിക്കൂർ കൊണ്ട് പോസ്റ്റ് വൺ മില്യൺ പ്ലസ് ആളുകൾ കണ്ടു. താഹിറിന്റെ ചോദ്യങ്ങൾക്ക് അവർ ഉത്തരങ്ങളും നിരത്തി.
സിവിക് സെൻസ് എന്ന പാഠഭാഗം കുട്ടികളെ പഠിപ്പിക്കുക, ഫുഡ് വേസ്റ്റ് വേസ്റ്റ്ബിന്നിൽ നിക്ഷേപിക്കാൻ സാധനം വാങ്ങുന്നവരോട് കച്ചവടക്കാർ കർശനമായി പറയുക, ഫുഡ് വേസ്റ്റ് കടൽത്തീരങ്ങളിലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്നവരെ കൈയോടെ കണ്ടെത്തി പിഴ ചുമത്താനായി റോമിങ് ഓഫിസറെ നിയമിക്കുക ഇതൊക്കെയായിരുന്നു ആളുകളുടെ ഭാഗത്ത് നിന്ന് താഹിറിന് കിട്ടിയ നിർദേശങ്ങൾ. മാത്രമല്ല, ബീച്ച് ശുചീകരണത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് മൂൺലിറ്റ് ഫൗണ്ടേഷനും ഒപ്പംകൂടി.
ബീച്ചിലെ വേസ്റ്റ് പ്രശ്നത്തെ കുറിച്ചും അത് എങ്ങനെ പരിഹരിക്കാമെന്നും കാണിച്ച് താഹിർ കോഴിക്കോട് കോർപറേഷനിൽ ഒരു പരാതി രജിസ്റ്റർ ചെയ്തു. ‘എന്റെ വേസ്റ്റ് എന്റെ ഉത്തരവാദിത്തം’ എന്ന രീതിയിലേക്ക് ആളുകളിൽ അവബോധമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഫുഡ്സ്ട്രീറ്റിലെ കടകളുടെ മുന്നിൽ വെച്ച് വേസ്റ്റ് ബിന്നിന്റെ ലേഔട്ട് പരിഷ്കരിക്കണമെന്നും ഭക്ഷണം വാങ്ങിപ്പോകുന്ന ആളുകൾ തിക്കിത്തിരക്കി വന്ന് ഈ ബിന്നുകളിൽ വേസ്റ്റ് ഇടില്ലെന്നും താഹിർ അധികൃതരെ ബോധ്യപ്പെടുത്തി. തുടർന്ന് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിൽ നിന്ന് ബോധവത്കരിക്കാൻ അവയർനെസ് ബോർഡ് സ്ഥാപിക്കും, വേസ്റ്റ് കൃത്യമായി വേസ്റ്റ്ബിന്നിൽ ഇടുന്ന കുടുംബത്തെ അനുമോദിക്കും, റോമിങ് ഓഫിസറെ സ്ഥാപിക്കും എന്നിവ കോർപറേഷൻ സെക്രട്ടറി എൻ.കെ. ഹരീഷ് ഉറപ്പുനൽകി.
അങ്ങനെയാണ് ‘പ്രോജക്ട് സുലൈമാനി’ എന്ന പേരിൽ ഒരു വലിയ യജ്ഞത്തിന് തുടക്കം കുറിച്ചത്. ശനിയാഴ്ച അഞ്ചുമണിയോടെയായിരുന്നു തുടക്കം. അന്ന് വൈകീട്ട് എത്തിയ ആളുകൾ ബീച്ചിൽ അണിനിരന്നു. വലിപ്പച്ചെറുപ്പമില്ലാതെ അവർ ബീച്ചിലെ മണൽത്തരികളിലെ ചെറിയ പ്ലാസ്റ്റിക് കവറുകളും സ്പൂണുകളും പെറുക്കിയെടുത്തു. എൻലേൺ, കാഫിറ്റ്, എയ്മർ ബിസനസ് സ്കൂൾ, കാഫിറ്റ് പ്രീമിയർ ലീഗ്, ടോക്കി ഫോൺ ഒപ്പം ചേർന്നു. മൂൺലിറ്റ് ഫൗണ്ടേഷൻ സ്ഥാപകൻ ഹാഫിസ് മുതുവല്ലൂർ, പ്രസിഡന്റ് മുബശ്ശിർ വയനാട് നേതൃത്വം നൽകി. ഇതോടെ തീർന്നില്ല, നാലാഴ്ച കൂടുമ്പോൾ ഒരു ദിവസം ബീച്ച് ശുചീകരിക്കാനുറപ്പിച്ചാണ് ഇവരെല്ലാം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

