സൗത്തിന്റെ കാര്യം സസ്പെന്‍ഷന്‍
text_fields1. കോഴിക്കോട് സൗത്ത് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവർകോവിൽ കല്ലായി കിണറ്റിങ്കര ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തിൽ വോട്ടഭ്യർഥിക്കുന്നു 2. യു.ഡി.എഫ് സ്ഥാനാർഥി ഫൈസൽ ബാബു ചക്കുംകടവിൽ വോട്ടഭ്യർഥിക്കുന്നു 3. എൻ.ഡി.എ സ്ഥാനാർഥി ടി. രനീഷ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ കണ്ട് വോട്ടഭ്യർഥിക്കുന്നു
കോഴിക്കോട്: ഒരു മുന്നണിക്കൊപ്പവും ഉറച്ചു നിൽക്കാത്ത പാരമ്പര്യമുള്ള കോഴിക്കോട് സൗത്തിൽ ഇത്തവണ മത്സരം പ്രവചനാതീതമാണ്. എൽ.ഡി.എഫ് സ്വതന്ത്രൻ സിറ്റിങ് എം.എൽ.എ അഹമ്മദ് ദേവർകോവിലും യു.ഡി.എഫിന്റെ പുതുമുഖസ്ഥാനാർഥി അഡ്വ. ഫൈസൽബാബുവും തമ്മിലാണ് പ്രധാന മത്സരം. ബി.ജെ.പിയുടെ ടി. രനീഷും മണ്ഡലത്തിൽ സജീവമാണ്.
ആദ്യം ഗോദയിലിറങ്ങിതിന്റെ മുൻതൂക്കം പ്രചാരണത്തിൽ അഹമ്മദ് ദേവർകോവിലിന് ലഭിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ പ്രചാരണത്തിൽ മുന്നിലെത്താൻ യു.ഡി.എഫ് ആഞ്ഞുപിടിക്കുന്നുണ്ട്. അതേയ സമയം ഇരുമുന്നണികളെയും ആശയക്കുഴപ്പത്തിലാക്കും വിധമാണ് രനീഷിന്റെ പ്രചാരണം. ആരുടെ വോട്ട് രനീഷ് പിടിക്കുമെന്നത് മണ്ഡലത്തിന്റെ ജയപരാജയത്തെ സ്വാധീനിക്കും.
2021ൽ 12,459 വോട്ടിന്റെ ഭൂരിപക്ഷം അഹമ്മദ് ദേവർകോവിലിനുണ്ട്. 2016ൽ യു.ഡി.എഫ് നേടിയ സീറ്റീൽ എം.കെ. മുനീറിന്റെ ഭൂരിപക്ഷം 6,237 ആയിരുന്നു. അതേ സമയം 2024 ലോക്സഭതെരഞ്ഞെടുപ്പിലും 2025 തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് വ്യക്തമായ ലീഡ് ഉള്ള മണ്ഡലമാണ് സൗത്ത്. കോഴിക്കോട് കോർപറേഷനിലെ 23 വാർഡുകൾ ഉൾപ്പടുന്നതാണ് മണ്ഡലം. ഇതിൽ ഏഴ് വാർഡുകൾ എൽ.ഡി.എഫും 12 വാർഡുകൾ യു.ഡി.എഫും നാല് വാർഡുകൾ എൻ.ഡി.എയുമാണ് നേടിയത്. പക്ഷെ നിയമസഭതെരഞ്ഞെടുപ്പിൽ ഈ കണക്കുകൾ മാത്രം യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നില്ല.
അഹമ്മദ് ദേവർകോവിൽ 2021നെക്കാൾ ശക്താനാണ് 2026ലെത്തുമ്പോൾ. രണ്ടര വർഷം മന്ത്രി എന്ന നിലയിലും ബാക്കി രണ്ടര വർഷം എം.എൽ.എ എന്ന നിലയിലും തൃപ്തികരമായ വികസനപ്രവർത്തനങ്ങൾ നടത്താൻ സാധിച്ചുവെന്നാണ് എൽ.ഡി.എഫ് അവകാശവാദം. അദ്ദേഹത്തിന് മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ചേരാനാവുന്നു എന്നാണ് വിലയിരുത്തൽ. ഇത്തവണ ബക്കറ്റാണ് ദേവർകോവിലിന്റെ ചിഹ്നം. ഫൈസൽബാബുവിന് പുതുമുഖ സ്ഥാനാർഥി എന്ന നിലയിൽ താഴെതട്ടിൽ പരിചിതനാവാനുള്ള സമയപരിമിതിയുണ്ട്. ഇത് പരിഹരിക്കാൻ പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിൽ പ്രത്യേകയജ്ഞത്തിലാണ് യു.ഡി.എഫ്. പൊറ്റമ്മൽ, കോവൂർ, കോട്ടൂളി മേഖലയിൽ യു.ഡി.എഫ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ബി.ജെ.പിയുടെ രനീഷ് എൽ.ഡി.എഫിലെ മുൻമേയർ ബീന ഫിലിപ്പ് ജയിച്ച പൊറ്റമ്മൽ വാർഡ് പിടിച്ചെടുത്ത് കൗൺസിലറായ ആളാണ്.
നഗരത്തിലെ അടിസ്ഥാനവികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സിറ്റിങ് എം.എൽ.എ പരാജയമായിരുന്നു എന്നാണ് യു.ഡി.എഫിന്റെ കാമ്പയിൻ. അതേ സമയം 1200 കോടിയുടെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് അഞ്ച് വർഷത്തെ നേട്ടങ്ങൾ എൽ.ഡി.എഫ് അവതരിപ്പിക്കുന്നത്. 50 ദരിദ്രർക്ക് വീടുവെച്ച് കൊടുക്കുമെന്ന വാഗ്ദാനമാണ് ബി.ജെ.പിസ്ഥാനാർഥി ടി.രനീഷിന്റെ പ്രചാരണത്തിന്റെ ഹൈലൈറ്റ്. ഫിനിഷിങ് പോയന്റിലേക്ക് എത്തുമ്പോൾ മത്സരത്തിന് ഇനിയും ചൂടുപിടിക്കും.
ഇവിടെ അപരൻമാരോ മറ്റ് സ്വതന്ത്രരോ ഇല്ല. നഗരത്തിന്റെ ഹൃദയഭാഗങ്ങൾ പങ്കുവെക്കുന്ന മണ്ഡലം എല്ലാവിഭാഗത്തിൽപെട്ട വോട്ടർമാരുടെയും മിശ്രിതമാണ്. ആകെ വോട്ടർമാർ 1,65,472 ആണ്. ഇതിൽ 85,241 സ്‍ത്രീകളും 80,226 പുരുഷൻമാരുമുണ്ട്. കന്നിവോട്ടർമാർ 4,350 ആണ്. 3,000 മുകളിൽ പ്രവാസിവോട്ടർമാരുണ്ട്.
അഹമ്മദ് ദേവർകോവിൽ
സിറ്റിങ് എം.എൽ.എ, ഇന്ത്യൻ നാഷനൽ ലീഗ് അഖിലേന്ത്യജനറൽ സെക്രട്ടറി, പാർട്ടി സംസ്ഥാന പ്രസിഡന്റ്. മുൻ തുറമുഖ വകുപ്പ് മന്ത്രി, എം.എസ്.എഫിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങി. കായക്കൊടി സ്വദേശി. താമസം എരഞ്ഞിപ്പാലം. ഭാര്യ: സാബിറ അഹമ്മദ്. മക്കൾ: താനുജ ഷെറിൻ അഹമ്മദ്, ഷെഫി മോനിസ് അഹമ്മദ്, തൻസീഹ ഷെറിൻ അഹമ്മദ്.
അഡ്വ. ഫൈസൽ ബാബു
മുസ്‍ലിംലീഗ് ദേശീയ അസി.സെക്രട്ടറി. പ്രഭാഷകൻ, ഡൽഹിയിൽ പൗരത്വസമരങ്ങളിൽ പങ്കെടുത്തു. കത്‍വകേസിൽ നിയമസഹായവുമായി പോരാടി. ആൾക്കൂട്ടക്കൊല ഇരകൾക്കായി നിയമപോരാട്ടം. കൽപകഞ്ചേരി സ്വദേശി. ഭാര്യ കോഴിക്കോട് സ്വദേശി ഡോ. ഹാജറ, മക്കൾ: ഫിദൽ, മറിയ, എമി.
ടി. രനീഷ്
കോഴിക്കോട് കോർപറേഷൻ കൗൺസിലർ. നേരത്തെ പുതിയറ വാർഡിൽ നിന്ന് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. സ്വദേശം പുതിയറ. ഭാര്യ സിമി രനീഷ്. മക്കൾ: കാശിനാഥ്, പാർത്ഥിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

