പിടിച്ചുപറി കേസിലെ പ്രതികള്‍ അറസ്റ്റില്‍
text_fieldsജോഷി, ജോഷി
കോഴിക്കോട്: വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈല്‍ഫോണ്‍ പിടിച്ചുപറിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. വെള്ളയില്‍ ശാന്തി നഗര്‍ സ്വദേശി കരുവള്ളിമീത്തല് ജോഷി (26), ഇയാളുടെ ജീവിതപങ്കാളി അക്ഷയ (26) എന്നിവരെയാണ് കസബ പൊലീസും ടൗണ്‍ അസി. കമീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 26നാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫറോക്ക് പേട്ട സ്വദേശിയെ രാത്രി എട്ടോടെ ഗംഗ തിയറ്ററിന് സമീപത്തുനിന്ന് ഇവര്‍ ഉള്‍പ്പെട്ട സംഘം തടഞ്ഞുവെച്ച് ആക്രമിക്കുകയും 30,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുകയുമായിരുന്നു.
പഴയ പ്രതികളുടെ ഫോട്ടോ, അന്നേദിവസം പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ അടിപിടിയുമായി ബന്ധപ്പെട്ട് ഫ്ലയിങ് സ്ക്വാഡ് എടുത്ത ഫോട്ടോ എന്നിവയില്‍നിന്നാണ് പരാതിക്കാരന് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ജോഷിയെ ശാന്തി നഗറിലെ വീട്ടില്‍നിന്നും ഇയാളെ അന്വേഷിച്ചെത്തിയ അക്ഷയയെ കസബ പൊലീസ് സ്റ്റേഷന് പരിസരത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്.
സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി ഒട്ടനവധി കേസുകളിലെ പ്രതിയാണ് ജോഷി. കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിന്റെ ഭാഗമായി ആറുമാസത്തെ തടവുശിക്ഷ കഴിഞ്ഞ് ജയില്‍ മോചിതനായതാണ്. കസബ പൊലീസ് ഇന്‍സ്പെക്ടര്‍ പി.ജെ. ജിമ്മിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ യു. സനീഷ്, എം.എസ്. നിതിന്‍, എ.എസ്.ഐ സജേഷ് കുമാര്‍, എസ്.സി.പി.ഒ ദീപു, സി.പി.ഒമാരായ ഷിന്‍ജിത്ത്, ജിനു, ദിവ്യ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലു, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

