സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപനക്കെത്തിയ പ്രതി പിടിയിൽ
text_fieldsറഹ്മാൻ സഫാത്ത്
കോഴിക്കോട്: സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപനക്കെത്തിയയാളെ ഡാൻസാഫ് സംഘം പിടികൂടി. കല്ലായ് ഗവ. യു.പി സ്കൂൾ പരിസരത്തുനിന്നും 200 ഗ്രാം കഞ്ചാവുമായി കെ. റഹ്മാൻ സഫാത്ത് (61) എന്ന ചക്കുംകടവ് അബ്ദുറഹ്മാനെയാണ് പിടികൂടിയത്.
നിരവധി മോഷണക്കേസിലും കഞ്ചാവ് കേസിലും ഉൾപ്പെട്ട് ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഡാൻസാഫ് സ്ക്വാഡിലെ എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അനീഷ് മൂസ്സേൻവീട്, സുനോജ് കാരയിൽ, പന്നിയങ്കര സ്റ്റേഷനിലെ എസ്.ഐമാരായ ജയാനന്ദൻ, ഗണേശൻ, എ.എസ്.ഐ സുനിൽ, എസ്.സി.പി.ഒമാരായ നിതീഷ്, ദിലീപ്, രാംജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
നിരീക്ഷണം ശക്തമാക്കി
കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ലഹരിവസ്തുക്കളുടെ വിപണനം വർധിച്ചുവരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളുടെ പരിസരത്ത് ഡാൻസാഫ് ടീമിന്റെ നിരീക്ഷണം ശക്തമാക്കി.
സ്കൂൾ പരിസരങ്ങളിൽ എത്തുന്ന സംശയാസ്പദമായ വ്യക്തികളെയും വാഹനങ്ങളും നിരീക്ഷിക്കുമെന്നും വിദ്യാലയ പരിസരങ്ങളിലെ ലഹരിമാഫിയകളുടെ വിപണനം തകർക്കുമെന്നും കല്ലായിയിൽ പിടിയിലായ പ്രതിക്ക് വിൽപനക്കുള്ള കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവരെപറ്റി അന്വേഷണം ഊർജിതമാക്കുമെന്നും കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

