ഫേസ്ബുക്ക് വഴി പരിചയം; വീട്ടമ്മയെ സ്വർണം വാങ്ങി കബളിപ്പിച്ച പ്രതി അറസ്റ്റിൽ
text_fieldsകോഴിക്കോട്: മൂന്നു ദിവസം മുമ്പ് ഫേസ്ബുക്ക് മെസഞ്ചർ വഴി പരിചയപ്പെട്ട് വീട്ടമ്മയുടെ 10 പവൻ സ്വർണം കൈവശപ്പെടുത്തി മുങ്ങിയ പ്രതി അറസ്റ്റിൽ. കുറഞ്ഞ പലിശ നിരക്കിൽ പണയംവെച്ച് ബാങ്ക് നൽകുന്ന പണത്തേക്കാൾ കൂടുതൽ പണം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വളയനാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വീട്ടമ്മയെ കാസർകോട് നീലേശ്വരം ഷനീർ മൻസിലിൽ ഷനീറാണ് (35) വഞ്ചിച്ചത്. ഇയാളെ കോഴിക്കോട് മെഡി. കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
ഫേസ്ബുക്കിലൂടെ മാത്രം പരിചയമുള്ള യുവാവിന്റെ ഫോൺ നമ്പറോ യഥാർഥ പേരോ വിലാസമോ വീട്ടമ്മക്ക് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വിജയദശമി നാളിൽ വളയനാട് ക്ഷേത്രത്തിന്റെ സമീപത്ത് ആൾക്കൂട്ടത്തിനിടയിൽ നിന്നാണ് സ്വർണം യുവാവിന് കൈമാറിയത്. സ്വർണം തൂക്കിനോക്കി ഉടൻ പണവുമായി വരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചശേഷം സ്ഥലത്തുനിന്ന് പോയ പ്രതി ഫേസ്ബുക്കിൽ വീട്ടമ്മയെ ബ്ലോക്ക് ചെയ്തു.
മെഡി. കോളജ് സ്റ്റേഷനിലെ എസ്.ഐമാരായ ഷാജി, അരുൺ, എ.എസ്.ഐ പ്രജീഷ് തുടങ്ങിയവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശനിയാഴ്ച നീലേശ്വരത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ആഭരണങ്ങൾ കണ്ടെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

