മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ല, കൂട്ടത്തിൽ മരുന്ന് ക്ഷാമവും
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ തിയറ്ററുകളിൽ ആവശ്യത്തിന് ഉപകരണങ്ങളില്ലാതെ ഡോക്ടർമാർ നിസ്സഹായരാവുന്നു. സർക്കാർ കാര്യം മുറപോലെ എന്ന രീതിയിൽ ഫയലുകൾ നീങ്ങി ഉപകരണങ്ങൾ എത്തുമ്പോഴേക്കും നൂറുകണക്കിന് രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടും.
ശസ്ത്രക്രിയക്ക് തിയറ്ററിൽ കയറിയാൽ പല ഉപകരണങ്ങളും എടുക്കാൻ ഉണ്ടാവില്ലെന്ന് ഡോക്ടർമാരിൽ ഒരാൾ പറഞ്ഞു. പലതും കേടായിക്കിടക്കുകയാണ്. ചിലത് പ്രവർത്തനക്ഷമത കുറഞ്ഞതും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന സർജറി ഉപകരണങ്ങൾ മൂന്നും നാലും രോഗികൾക്കാണ് ഉപയോഗിക്കുന്നത്. സാധാരണക്കാർ രോഗവുമായി മല്ലിടുമ്പോൾ രണ്ടും കൽപിച്ചാണ് ഡോക്ടർമാർ ശസ്ത്രക്രിയകൾക്ക് മുന്നിട്ടിറങ്ങുന്നത്. അതിന്റേതായ മാനസിക സമ്മർദം തങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
ഡോക്ടർമാരുടെ കുറവ് ഗണ്യമായി അനുഭവപ്പെടുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് വയനാട്, കാസർകോട് മെഡിക്കൽ കോളജുകളിലേക്കായി 40 പ്രഫസർമാരെയും അസി. പ്രഫസർമാരെയുമാണ് ഈയിടെ മാറ്റിയത്. ഇതോടെ പല വിഭാഗങ്ങളിലും ചികിത്സ താളം തെറ്റിയിരിക്കുകയാണ്. ഹൗസ് സർജന്മാർ കൂടി ഇല്ലാതായതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി. ഹൗസ് സർജന്മാരുടെ പണികൂടി നഴ്സുമാർ ചെയ്യേണ്ട അവസ്ഥയാണ്. അത്യാഹിത വിഭാഗത്തിൽ ട്രയാജിലെ പണികളെല്ലാം നഴ്സുമാണ് ചെയ്യുന്നത്.
കേടായാൽ പോയതുതന്നെ
സങ്കീർണ ശസ്ത്രക്രിയകൾ നടക്കുന്ന തിയറ്ററുകളിൽ ഒരു ഉപകരണം കേടായാൽ പകരം ഉപയോഗിക്കാൻ മറ്റൊന്ന് വേണം. എന്നാൽ, സർജറി വിഭാഗം തിയറ്ററിൽ ഉപയോഗിക്കുന്ന ഫോർസ് ട്രയാഡ് മെഷീൻ കേടായിട്ട് മൂന്നു മാസമായി. ഇതിന് പകരം പുതിയത് ഇതുവരെ കിട്ടിയിട്ടില്ല. ഫോർസ് ട്രയാഡ് ഉപയോഗിച്ചാൽ ശസ്ത്രക്രിയ സമയത്ത് രോഗികളുടെ രക്തസ്രാവം കുറക്കാനാകും. താക്കോൽദ്വാര ശസ്ത്രക്രിയകൾക്കുള്ള പല ഉപകരണങ്ങളും പ്രവർത്തനരഹിതമാണ്. ആശുപത്രിയിൽ ലാപ്രോസ്കോപ്പിയുടെ നാലു കൺസോളുകളിൽ രണ്ടെണ്ണമേ പ്രവർത്തിക്കുന്നുള്ളൂ. അത്യാധുനിക കൺസോൾ കേടായിട്ട് മാസങ്ങളായെങ്കിലും ഇതുവരെ അറ്റകുറ്റപ്പണി നടത്തി തിരികെ ലഭിച്ചിട്ടില്ല. മാത്രമല്ല, ലാപ്രോസ്കോപ്പി ഉപകരണങ്ങളിൽ പലതും പ്രവർത്തനരഹിതമാണ്.
ലാപ്രോസ്കോപ്പി ഗ്രാസ്പറിന്റെ കാലപ്പഴക്കം കാരണം മുറിച്ചാൽ മുറിയാത്ത അവസ്ഥയാണ്. യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ കൂടാതെ മൂത്രക്കല്ല് പൊടിക്കുന്ന ലേസർ കേടായിട്ട് നാലുമാസം പിന്നിട്ടു. താരതമ്യേന ചെലവ് കുറഞ്ഞ ഉപകരണമായിട്ടുകൂടി പുതിയ ലേസർ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. നിരവധി രോഗികളുടെ ചികിത്സയാണ് ഇതുകാരണം മുടങ്ങുന്നത്.
എം.ആർ.ഐ യൂനിറ്റ് ഇല്ല
പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിലെ തീപിടിത്തത്തിൽ എം.ആർ.ഐ യൂനിറ്റ് പൂട്ടിയിട്ടതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എം.ആർ.ഐ യൂനിറ്റില്ലാത്ത അവസ്ഥയാണ്. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ എം.ആർ.ഐ യൂനിറ്റ് പ്രവർത്തനരഹിതമായി പൂട്ടിയിട്ടിട്ട് ഒരു വർഷത്തോളമായി. ഇതിന് പകരം യൂനിറ്റ് സ്ഥാപിക്കുകയോ അപ്ഡേറ്റ് ചെയ്യുകയോ വേണം.
അഞ്ചുകോടി രൂപ ചെലവഴിച്ച് ഇത് അപ്ഡേറ്റ് ചെയ്യാൻ ആശുപത്രി വികസനസമിതി തീരുമാനമെടുത്തിട്ട് നാലു മാസം കഴിഞ്ഞെങ്കിലും നടപടിയായിട്ടില്ല. കാർഡിയോ തൊറാസിക് സർജറി യൂനിറ്റിലെ സി.വി.ടി.എസ് മെഷീൻ കത്തിയിട്ട് മാസം ഒന്ന് പിന്നിട്ടു. കാർഡിയോ തൊറാസിക് സർജറിക്ക് ആറു മാസത്തോളമാണ് കാത്തിരിപ്പ്.
മരുന്നുക്ഷാമം രൂക്ഷം
മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി മെഡിക്കൽ ഷോപ്പിൽ മരുന്നുക്ഷാമം രൂക്ഷം. മരുന്ന് വിതരണം ചെയ്ത ഇനത്തിൽ എട്ടുമാസത്തെ തുക വിതരണ ഏജൻസികൾക്ക് കുടിശ്ശികയാണ്. ഇതേത്തുടർന്ന് വിതരണക്കാർ കുറഞ്ഞ അളവിൽ മരുന്ന് മാത്രമാണ് വിതരണം ചെയ്യുന്നത്. കുടിശ്ശിക ലഭിക്കാതായതോടെ പല ഏജൻസികളും മരുന്ന് വിതരണം നിർത്തി. ഇത് കാരുണ്യ ഇൻഷുറൻസ് പദ്ധതി വഴി രോഗികൾക്ക് മരുന്നു ലഭിക്കുന്നതിന് തടസ്സമാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

