മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ വൈകിയെന്ന പരാതി: അന്വേഷണസംഘം തെളിവെടുപ്പ് നടത്തി
text_fieldsകോഴിക്കോട്: തുടയെല്ല് പൊട്ടിയ യുവാവിന് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ വൈകിയെന്ന പരാതിയിൽ ഡി.എം.ഇ (മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ) നിയമിച്ച പ്രത്യേക അന്വേഷണ സംഘം ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി.
മഞ്ചേരി മെഡിക്കൽ കോളജിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ടിപി. അഷ്റഫ്, തൃശൂർ മെഡിക്കൽ കോളജിലെ സർജറി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. സി. രവീന്ദ്രൻ എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ രാവിലെ പത്തരയോടെ ആശുപത്രിയിലെത്തി. അത്യാഹിത വിഭാഗത്തിൽ തത്സമയം ഡ്യൂട്ടിയിലാണ്ടായിരുന്ന എല്ലുരോഗ, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാർ, പി.ജി ഡോക്ടർമാർ, നഴ്സുമാർ, വകുപ്പുമേധാവികൾ, മറ്റ് ജീവനക്കാർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
സൂപ്രണ്ട് ഇൻ ചാർജ് ഡോ.കെ.പി.സുനിൽ കുമാർ, പ്രിൻസിപ്പൽ ഡോ. കെ.ജി. സജിത്ത്കുമാർ എന്നിവരും പങ്കെടുത്തു. അന്വേഷണ സംഘം തിങ്കളാഴ്ച ഡി.എം.ഇക്ക് റിപ്പോർട്ട് നൽകും.

