മെഡിക്കൽ കോളജിൽ സൂപ്പർസ്പെഷാലിറ്റിക്കുള്ള ചികിത്സക്ക് ഒച്ചുവേഗം
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തിലേക്കുള്ള റോഡ് തകർന്നതും പുതിയകവാടം നിർമാണം അനന്തമായി നീളുന്നതും രോഗികളെ വലക്കുന്നു. വിദഗ്ധ ചികിത്സക്കെത്തിയാൽ കുണ്ടുംകുഴിയും നിറഞ്ഞ വഴിയിൽ വീണ് പരിക്കേൽക്കുന്ന അവസ്ഥയാണ്. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ രോഗികളെ ഇറക്കി പുറത്തേക്കിറങ്ങുന്ന ഭാഗത്ത് റോഡ് തകർന്നിട്ട് ഒരു വർഷത്തിലേറെയായി.
ആംബുലൻസുകളും ഓട്ടോയും ഗട്ടറിൽ വീണ് കുലുങ്ങുന്നത് ചികിത്സ കഴിഞ്ഞ് മടങ്ങുന്ന രോഗികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പോർച്ചിനോട് ചേർന്ന റോഡിലെ കുഴി അടക്കാൻ അധികൃതർ തയാറായിട്ടില്ല. എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നാണ് പി.ഡബ്ല്യു.ഡിയിൽ നിന്ന് ലഭിക്കുന്ന മറുപടി.
തിരക്കിനിടെ ആളുകൾ ഗട്ടറിൽ തെന്നി വീഴുന്നതു പതിവാണ്. മാത്രമല്ല സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലേക്ക് കാരന്തൂർ റോഡിൽ നിന്ന് രോഗികൾക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള ഗേറ്റ് നിർമാണം ആരംഭിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും തുറന്നുകൊടുക്കാറായില്ല.
കാരന്തൂർ റോഡിൽ നിന്ന് പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിലേക്കുള്ള ഗേറ്റിന് സമീപത്തായാണ് പുതിയ ഗേറ്റ് പണിയുന്നത്. ഈ ഗേറ്റ് തുറന്നാൽ കാരന്തൂർ ഭാഗത്തുനിന്നു വരുന്നവർക്ക് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലേക്ക് വരാൻ കൂടുതൽ സൗകര്യമാവും. നിലവിൽ വാഹനങ്ങൾ കടത്തിവിടാത്ത വഴിയിലൂടെ ആളുകൾ കയറിയിറങ്ങുന്നുണ്ട്. പ്രായമായവർക്കും രോഗികൾക്കും പരസഹായമില്ലാതെ കയറാൻ കഴിയാത്ത രീതിയിലാണ് ഈ വഴി.
മാത്രമല്ല കൃത്യമായ ശുചീകരണം നടക്കാതെ വൃത്തിഹീനമായി കിടക്കുകയാണിവിടം. പ്രവേശന കവാടത്തോട് ചേർന്ന മരം മുറിച്ചുമാറ്റിയതിനുശേഷം മാത്രമേ നിർമാണം പൂർത്തിയാക്കി തുറന്നുകൊടുക്കുകയുള്ളുവെന്ന് പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചു. നിർമാണം നിലച്ച ഈ ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. അടിയന്തര പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ ഗൗരവപൂർവം പരിഹരിക്കാത്തത് രോഗികളെ പ്രതിസന്ധിയിലാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

