പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യ വർധിക്കുന്നു; മുത്താമ്പി പുഴക്ക് സുരക്ഷ വേലി പണിയണം
text_fieldsകൊയിലാണ്ടി: കൊയിലാണ്ടി-പേരാമ്പ്ര റോഡിലെ മുത്താമ്പി പാലത്തില്‍നിന്ന് പുഴയിലേക്കു ചാടി ജീവനൊടുക്കുന്നവരുടെ എണ്ണം കൂടുന്നതില്‍ നാട്ടുകാർക്ക് ആശങ്ക. ആത്മഹത്യ ചെയ്യുന്നവർ മിക്കവരും ഇരുചക്രവാഹനത്തിലും മറ്റുമെത്തിയാണ് പുഴയിൽ ചാടുക.
തിങ്കളാഴ്ച രാവിലെയും ഒരു യുവാവ് പുഴയിൽ ചാടിയിരുന്നു. രണ്ടു വര്‍ഷത്തിനുളളില്‍ 18 പേര് ഇവിടെ പുഴയിൽ ചാടി മരിച്ചിട്ടുണ്ട്. ഈ വർഷം മാത്രം ഒമ്പതു പേരാണ് മുത്താമ്പി പാലത്തില്‍നിന്ന് പുഴയിലേക്കു ചാടി ജീവനൊടുക്കിയത്. പുഴക്ക് ആഴമുളള സ്ഥലമായതിനാല്‍ രക്ഷാ പ്രവര്‍ത്തനവും ദുഷ്കരമാണ്. ചിലരെ നാട്ടുകാര്‍ പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. നാട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് പലരും ആത്മഹത്യക്ക് മുതിരുന്നത്. ആത്മഹത്യകള്‍ സ്ഥിരമായതോടെ പാലത്തില്‍ സുരക്ഷ വേലിയും കാമറയും തെരുവ് വിളക്കും സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലെ കണയങ്കോട് പാലത്തിലും സമാനമായ സ്ഥിതിയാണുളളത്. ഇവിടെയും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. കണയങ്കോട് പാലത്തിന്റെ കൈവരികള്‍ക്ക് തീരെ പൊക്കമില്ല. കൈവരിയുള്ള സ്ഥലത്ത് ഒരാള്‍ പൊക്കത്തിലെങ്കിലും സ്റ്റീല്വല സ്ഥാപിക്കണമെന്നാണ് ആവശ്യം.
മുത്താമ്പി പാലത്തിലെ കൈവരിക്കും ആവശ്യത്തിന് ഉയരമില്ലാത്ത അവസ്ഥയാണ്. വിഷയത്തിൽ കൊയിലാണ്ടി നഗരസഭ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പുഴയുടെ ഇരുഭാഗത്തും കണ്ടൽ വനമായതിനാൽ പുഴയിൽ ചാടുന്നതു കണ്ടാലും ആളുകൾക്കും അഗ്നി രക്ഷാ സേനക്കും രക്ഷാപ്രവർത്തനം ഏറെ ദുഷ്കരവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

