കരിമ്പനത്തോട് മണ്ണിട്ട് നികത്തി വികസനം; നാട്ടുകാർ ദേശീയപാത ഉപരോധിച്ചു
text_fieldsനാട്ടുകാർ ദേശീയപാത ഉപരോധിക്കുന്നു
വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി കരിമ്പനപ്പാലത്ത് തോട് മണ്ണിട്ട് നികത്തിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് ദേശീയപാത ഉപരോധിച്ചത്. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും നിർമാണ കമ്പനി അധികൃതരും നടത്തിയ ചർച്ചയിൽ രാത്രി ഒമ്പതോടെ തോട് പൂർവസ്ഥിതിയിലാക്കാമെന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
തോട്ടിൽ ഒഴുക്ക് തടസ്സപ്പെട്ടതോടെ കരിമ്പനത്തോട് നിറഞ്ഞുകവിഞ്ഞ് മലിനജലം വീടുകളിലേക്ക് ഒഴുകിയെത്തിയിരുന്നു. ഇതോടെയാണ് നാരായണ നഗരം മുതൽ കരിമ്പനപ്പാലം വരെ തോടിന്റെ ഇരുകരകളിലുമുള്ള പ്രദേശവാസികൾ ദുരിതത്തിലായത്.
രണ്ടു ദിവസം മുമ്പാണ് നിർമാണ പ്രവർത്തനം നടക്കുന്ന കരിമ്പനപ്പാലത്തെ തോട് ദേശീയപാത നിർമാണ കരാർ ഏറ്റെടുത്ത കമ്പനി മണ്ണിട്ട് നികത്തിയത്. തോടിന്റെ ഒഴുക്ക് പൂർവസ്ഥിതിയിലാക്കണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ കരാറുകാരോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടർന്നാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്. ഉപരോധസമരം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം. ബിജു ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.എം. ഷൈനി, എ.പി. മോഹനൻ, കെ.കെ. പത്മനാഭൻ, കെ.കെ. ബൈജു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

