സബ് ആർ.ടി ഓഫിസുകൾ അഴിമതിയിൽ മുങ്ങി; ഉദ്യോഗസ്ഥർക്ക് കൈക്കൂലി ‘അവകാശം’
text_fieldsകോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റിനും ഫിറ്റ്നസിനും സബ് ആർ.ടി ഓഫിസുകളിൽ പിടിച്ചുപറി രൂക്ഷം. ഗതാഗത മന്ത്രിയുടെയും ട്രാൻസ്പോർട്ട് കമീഷണറുടെയും ഉത്തരവുകൾക്ക് പുല്ലുവില കൽപിച്ചാണ് ചില ഡ്രൈവിങ് സ്കൂളുകൾ മുഖാന്തരം വൻതുക കൈക്കൂലിയായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഈടാക്കുന്നത്. കൊടുവള്ളി, നന്മണ്ട സബ് ആർ.ടി ഓഫിസുകളിലാണ് എം.വി.ഐമാർ ഏജന്റുമാർ മുഖാന്തരം അവകാശംപോലെ കൈക്കൂലി ചോദിച്ചു വാങ്ങുന്നതായി പരാതി ഉയർന്നത്. പലതവണ സസ്പെൻഷൻ ഉൾപ്പെടെ നടപടിക്ക് വിധേയനായ കൊടുവള്ളി സബ് ആർ.ടി ഓഫിസിലെ ഉദ്യോഗസ്ഥനാണ് ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ആകെ നാണക്കേടുണ്ടാക്കുന്നത്.
കൈക്കൂലി നൽകിയാൽ കാര്യങ്ങളെല്ലാം എളുപ്പമാക്കിക്കൊടുക്കുന്ന നന്മണ്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെക്കുറിച്ചും വ്യാപക ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം വിജിലൻസ് പരിശോധനയിൽ ഏജന്റിൽനിന്ന് 60,000ത്തിൽപരം രൂപ പിടികൂടിയിരുന്നു. ജോയന്റ് ആർ.ടി.ഒക്കെതിരെയായിരുന്നു ആരോപണമുയർന്നത്. എകരൂൽ സ്വദേശിയായ ഏജന്റ് വിജിലൻസ് നിരീക്ഷണത്തിലാണ്. പ്രത്യേക ഏജൻറുമാരെ നിയോഗിച്ചാണ് എം.വി.ഐമാർ കൈക്കൂലി വാങ്ങുന്നത്.
കൊടുവള്ളിയിൽ ദിവസേന 30,000 രൂപ ഗ്രൗണ്ടുകളിൽനിന്ന് മാത്രം പിരിച്ചെടുക്കുന്നുവെന്നാണ് വിവരം. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് കൊടുവള്ളിയിലെ എം.വി.ഐയും അസോസിയേഷൻ നേതാവുമായി തർക്കമുണ്ടായി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വലിയൊരു വിഭാഗം ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം നിലനിൽക്കെയാണ് അധാർമിക പ്രവൃത്തിക്ക് ചില ഏജന്റുമാർ കൂട്ടുനിൽക്കുന്നത്.
കൊടുവള്ളിയിലുള്ള ഏജന്റാണ് കൊടുവള്ളിയിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇടനിലക്കാരനാകുന്നത്. പല തവണ വിജിലൻസ് പരിശോധന നടന്നെങ്കിലും ഏജന്റുമാർ മുഖേന മാത്രമാണ് കൈക്കൂലി ഇടപാടെന്നതിനാൽ തെളിവു സഹിതം പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസവും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്കുണ്ട്. മോട്ടോർ സൈക്കിളിന് 150 രൂപയും നാലുചക്രത്തിന് 300 രൂപയുമാണ് കൈക്കൂലി. കൊടുവള്ളിയിൽ മൂന്ന് എം.വി.ഐമാർ ടെസ്റ്റ് നടത്തുന്നുണ്ട്. ഏതാണ്ട് 100-110 ടെസ്റ്റുകളാണ് ഇവിടെ നടക്കുന്നത്. റോഡ് ടെസ്റ്റിന് ജയം ഗ്യാരന്റി നൽകി 5000 രൂപയാണ് ചില ഡ്രൈവിങ് സ്കൂളുകൾ വാങ്ങുന്നത്. 2000 രൂപയാണ് ഉദ്യോഗസ്ഥർക്ക് നൽകുന്നത്. രാത്രിയാകുന്നതോടെ പ്രീതിപ്പെടുത്താനുള്ള കാര്യങ്ങൾ വേറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

