ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തെ പണിമുടക്ക് പൂർണം
text_fieldsബേപ്പൂർ: തുറമുഖത്ത് മത്സ്യമേഖലയുമായി ബന്ധപ്പെട്ടവർ സംയുക്തമായി നടത്തിയ പണിമുടക്ക് പൂർണം. ബോട്ടുകൾ കടലിൽ പോകാതെയും മീൻവിൽപന നടത്താതെയും മുഴുവൻ മത്സ്യത്തൊഴിലാളികളും പണിമുടക്കിൽ അണിചേർന്നു. രാവിലെ തുറമുഖത്ത് ചേർന്ന സർവകക്ഷി യോഗത്തിനുശേഷം പ്രതിഷേധ പ്രകടനവും നടന്നു.
ടോൾപിരിവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ചൊവ്വാഴ്ച തുറമുഖത്ത് പണിമുടക്ക് നടത്തിയത്. ഏപ്രിൽ മുതൽ പുതിയ ടോൾ ഏജൻസി നിലവിൽ വന്നതോടെ പഴയ ടോൾ ചാർജുകൾക്കുപകരം ഭീമമായ പുതുക്കിയ ചാർജ് ലഭിക്കണമെന്ന നിർബന്ധമാണ് ഹാർബറിൽ തൊഴിലാളികളും കച്ചവടക്കാരും ടോൾ ബൂത്ത് പിരിവുകാരും തമ്മിൽ തർക്കങ്ങൾ ഉടലെടുക്കാൻ കാരണമായത്. തിങ്കളാഴ്ച രാവിലെയോടെ പ്രശ്നം രൂക്ഷമാവുകയും കച്ചവടക്കാരും ടോൾപിരിവുകാരും തമ്മിൽ വാക്കേറ്റവും നടന്നു.
മീനെടുക്കാൻ വരുന്ന ഓട്ടോറിക്ഷകൾക്ക് 80 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 30 രൂപയും ഒരു ഐസ് ബ്ലോക്കിന് 1.50 രൂപയുമായിരുന്നു ഇതുവരെ ടോൾ. പുതുക്കിയ നിരക്കനുസരിച്ച് ഓട്ടോകൾക്ക് 120 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 50 രൂപയും ഐസ്ബ്ലോക്കിന് 15 രൂപയും ആവശ്യപ്പെട്ടതോടെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുകയായിരുന്നു.
നിരക്ക് കൂട്ടിയതോടെ ഐസുമായെത്തിയ മിനി ലോറികൾക്ക് ഹാർബറിൽ പ്രവേശിക്കാനായില്ല. സംഘർഷ സാധ്യത മുൻനിർത്തി ബേപ്പൂർ ഇൻസ്പെക്ടർ എൻ. ബിശ്വാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഹാർബറിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ബുധനാഴ്ച രാവിലെ ഫറോക്ക് ഡിവിഷൻ അസിസ്റ്റന്റ് പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ച നിശ്ചയിച്ചിട്ടുണ്ട്. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ ഭാരവാഹികൾ, സർവകക്ഷി പ്രതിനിധികൾ, ഫിഷറീസ്, ഹാർബർ, പൊലീസ് വകുപ്പ് പ്രതിനിധികൾ, ടോൾ ബൂത്ത് ഏജന്റ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. സർവകക്ഷിയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം എം.എൽ.എയും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, കലക്ടർ എ. ഗീത എന്നിവർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. തീർത്തും അശാസ്ത്രീയമായ രീതിയിലാണ് ടോൾ ചാർജുകൾ വർധിപ്പിച്ചതെന്നും മേഖലയിലുള്ള കച്ചവടക്കാരുമായും ജോലിക്കാരുമായും ചർച്ചചെയ്ത് പുനർനിർണയം നടത്തണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും ഓൾ കേരള ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കരിച്ചാലി പ്രേമൻ ഉദ്ഘാടനം ചെയ്തു. കരിച്ചാലി സബീഷ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹനീഫ ഹാജി നേതൃത്വം നൽകി. വിവിധ രാഷ്ട്രീയകക്ഷികളെ പ്രതിനിധാനംചെയ്ത് ടി.കെ. അബ്ദുൽ ഗഫൂർ (കോൺഗ്രസ്), ഷിനു പിണ്ണാണത്ത് (ബി.ജെ.പി), കെ.പി. ഹുസൈൻ (സി.പി.ഐ), അബ്ദുൽ ജബ്ബാർ (മുസ് ലിം ലീഗ്), സലീം പാടത്ത് (ഐ.എൻ.എൽ) എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.