Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്...

കോഴിക്കോട് കടപ്പുറത്തിനായി മുഖം നോക്കാതെ നടപടി

text_fields
bookmark_border
കോഴിക്കോട് കടപ്പുറത്തിനായി മുഖം നോക്കാതെ നടപടി
cancel

കോഴിക്കോട്: വിനോദ സഞ്ചാര മേഖലയിൽ കോഴിക്കോടിന്‍റെ മുഖമായ കടപ്പുറത്തെ വിവിധ വിഷയങ്ങളിൽ കർശന നിലപാട് സ്വീകരിക്കാൻ മേയർ ഡോ.ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു.

അനധികൃത നിർമാണം, ഭക്ഷ്യ സുരക്ഷ, പാർക്കിങ്, അനധികൃത കച്ചവടം, ശുചിത്വം, ലഹരിമാഫിയയുടെ പ്രവർത്തനം തുടങ്ങിയ എല്ലാ പ്രശ്നങ്ങളിലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയറും ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദും ഉറപ്പു നൽകി. ഇക്കാര്യത്തിൽ പ്രത്യേക യോഗം വിളിച്ച് ചർച്ച നടത്താനും തീരുമാനമായി. ശക്തമായ തീരുമാനമെടുത്ത് നടപ്പിൽവരുത്തുമ്പോൾ ആരും ശിപാർശകളുമായി വരുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.

പ്രതിപക്ഷത്തുനിന്ന് എം.സി. സുധാമണിയാണ് വിഷയത്തിൽ ചർച്ച തുടങ്ങിവെച്ചത്. ബീച്ചിൽ ലൈസൻസില്ലാതെ നിരവധി ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും പരിശോധന നടക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. ബീച്ചിലെ ചിലഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരിമാഫിയ പ്രവർത്തിക്കുന്നെന്നും നഗരത്തിന്‍റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകുന്നതായും പി.കെ. നാസർ പറഞ്ഞു. കച്ചവട സ്ഥാനപനങ്ങൾ റോഡുകൾ കൈയേറുന്നതായി എസ്.കെ. അബൂബക്കറും പറഞ്ഞു.

ബീച്ച് പരിസരത്ത് അനധികൃതകെട്ടിട നിർമാണങ്ങൾക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന് കെ. മൊയ്തീൻകോയ പറഞ്ഞു. കോർപറേഷൻ ഓഫിസിനു സമീപത്തുപോലും ശൗച്യം നടത്തുന്ന സാഹചര്യം ഉണ്ടെന്ന് കെ.സി. ശോഭിത പറഞ്ഞു. ഭട്ട് റോഡ് ബീച്ചിൽ ലൈഫ് ഗാർഡിനെ നിയമിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കോർപറേഷൻ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇവിടെയുള്ള പാർക്കിന്‍റെ നവീകരണത്തിനും ബീച്ചിന്‍റെ സൗന്ദര്യവത്കരണത്തിനും ശേഷം കുട്ടികളടക്കം നിരവധി സഞ്ചാരികൾ എത്തുന്നുണ്ടെന്നും ഇവരുടെ സുരക്ഷ പ്രധാനമാണെനനും പ്രമേയം അവതരിപ്പിച്ച എം.കെ. മഹേഷ് പറഞ്ഞു.

അംഗൻവാടികൾക്കെതിരെ നടപടി: വിദ്യാഭ്യാസ ഉപഡയറക്ടറെ വിളിച്ചു വരുത്തും

സർക്കാർ വിദ്യാലയങ്ങളോട് ചേർന്നു പ്രവർത്തിക്കുന്ന അംഗൻവാടികൾക്കെതിരെ വിദ്യാലയാധികൃതർ നിലപാടെടുക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറെ വിളിച്ചു വരുത്തി കാര്യങ്ങൾ ചർച്ച ചെയ്യാൻ കൗൺസിൽ തീരുമാനിച്ചു. പൊതുവിദ്യാലയങ്ങളോട് ചേർന്ന് സൗകര്യമുണ്ടെങ്കിൽ അംഗൻവാടികൾക്ക് പ്രവർത്തിക്കാം എന്നാണ് സർക്കാർ ഉത്തരവ്.

എന്നാൽ, വെള്ളയിൽ സ്കൂളിലടക്കം അംഗൻവാടികൾ പൊളിച്ചു മാറ്റണമെന്ന് വിദ്യാലയ അധികൃതർ നിലപാടെടുത്തതിനെതിരെ സൗഫിയ അനീഷ്, വി.പി. മനോജ് എന്നിവരാണ് കൗൺസിലിന്‍റെ ശ്രദ്ധ ക്ഷണിച്ചത്. വിവിധ വാർഡുകളിൽ ഇത്തരം നിലപാടെടുക്കുന്നതായി കെ. ഈസ അഹമ്മദ്, കെ. മൊയ്തീൻ കോയ, എൻ.സി. മോയിൻകുട്ടി, അൽഫോൻസ മാത്യു തുടങ്ങിയവരും അറിയിച്ചു. ഇത്തരം ജീവനക്കാർക്ക് മൂക്കുകയറിടണമെന്നും മേയർ ഇടപെടണമെന്നും ആവശ്യമുയർന്നു. സർക്കാർ ഉത്തരവിനെ പറ്റി ബോധ്യപ്പെടുത്തിയിട്ടും പല വിദ്യാലയ അധികൃതരും തിരിഞ്ഞു നിൽക്കുകയാണെന്നും ചിലർ കോടതിയെ സമീപിക്കുകപോലുമുണ്ടായെന്നും ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി. ദിവാകരൻ പറഞ്ഞു.

എ.സിയുള്ളിടത്താണെങ്കിൽ പെൻഷനില്ല: സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തും

വിധവ പെൻഷനടക്കമുള്ളവ അനുവദിക്കുന്നതിന് എ.സിയുള്ള വീട്ടിൽ താമസിക്കുന്നതും മറ്റും അയോഗ്യതയായി കണക്കാക്കുന്നതിനെതിരെ കൗൺസിലിൽ പ്രതിഷേധമുയർന്നു. താമസിക്കുന്ന വീട്ടിൽ എ.സിയുണ്ടോയെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിനുത്തരം പറഞ്ഞാൽ പെൻഷൻ നിഷേധിക്കയാണെന്നും പലപ്പോഴും ബന്ധുക്കളുടെ വീട്ടിലും മറ്റും കഴിയുന്ന നിരാലംബർക്ക് പെൻഷൻ ഇതുവഴി നിഷേധിക്കയാണെന്നും എൻ.സി. മോയിൻ കുട്ടി ചൂണ്ടിക്കാട്ടി. എം.സി. സുധാമണി, അൽഫോൻസ മാത്യു, സി.എസ്. സത്യഭാമ, ടി.കെ.ചന്ദ്രൻ തുടങ്ങിയ കൗൺസിലർമാരും പലരുടെയും തിക്താനുഭവങ്ങൾ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ മാനദണ്ഡമാണിതെന്നും മാറ്റാനായി സർക്കാറിനെ സമീപിക്കുമെന്നും സ്ഥിരംസമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു.

മുട്ടക്കോഴി വളർത്തൽ ക്രമക്കേട്: റിപ്പോർട്ടിന് അംഗീകാരം

നഗരസഭ 2020-21 കാലത്ത് നടപ്പാക്കിയ മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് കൂട് വിതരണം ചെയ്ത കമ്പനിക്ക് ലഭിക്കാനുള്ള 6.32 ലക്ഷം രൂപകിട്ടിയില്ലെന്നും ഉപഭോക്താക്കളിൽനിന്ന് പണം വാങ്ങി കോർപറേഷന് തിരിച്ചടക്കാതെ ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്നുമുള്ള ആരോപണത്തെതുടർന്നുള്ള കോര്‍പറേഷന്‍ തല സമിതിയുടെ അന്വേഷണ റിപ്പോർട്ട് കൗൺസിൽ അംഗീകരിച്ചു.

വയോജന ശാക്തീകരണ നയം അംഗീകരിച്ചു

കോര്‍പറേഷന്‍ പരിധിയിൽ മൊത്തം ജനസംഖ്യയുടെ 16 ശതമാനം വരുന്ന 60 വയസ്സ് കഴിഞ്ഞവർക്കായുള്ള വയോജന ശാക്തീകരണ നയത്തിന് കൗൺസിൽ അംഗീകാരം നൽകി. ജീവനക്കാർക്ക് പെൻഷൻ കൊടുത്തയിനത്തിൽ സർക്കാറിൽനിന്ന് ലഭിക്കാനുള്ള 106 കോടി ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ. മൊയ്തീൻ കോയ കൊണ്ടു വന്ന അടിയന്തരപ്രമേയത്തിന് മേയർ അവതരണാനുമതി നിഷേധിച്ചു. ഇതിൽ 59 കോടി നഗരസഭ തിരിച്ചടക്കേണ്ടതാണെന്നും നടപടികൾ പുരോഗമിക്കുന്നതായും അറിയിച്ചുകൊണ്ടായിരുന്നു മേയറുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode beach
News Summary - strict action for Kozhikode beach
Next Story