മഴയിൽ മുങ്ങുമോ ഓണപ്രതീക്ഷകൾ...?
text_fieldsമഴയൊഴിഞ്ഞപ്പോൾ തുണിത്തരങ്ങൾക്ക് മുകളിൽനിന്ന് പ്ലാസ്റ്റിക് ഷീറ്റ് മാറ്റുന്ന വഴിയോര കച്ചവടക്കാരൻ
കോഴിക്കോട്: പ്രളയവും കോവിഡും കവർന്നെടുത്ത ഓണക്കിനാവുകൾക്കുമേൽ പൊൻവെയിൽ വീശിത്തുടങ്ങിയ ആശ്വാസത്തിലായിരുന്നു കച്ചവടക്കാർ. പ്രത്യേകിച്ച് ഓണവിപണി മുന്നിൽ കണ്ട് കടംവാങ്ങിയും വിറ്റുപെറുക്കിയും കച്ചവടത്തിനൊരുങ്ങിയ വഴിവാണിഭക്കാർ. എന്നാൽ, വെയിൽ മാഞ്ഞ് വീണ്ടും മഴയെത്തിയപ്പോൾ ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ് കച്ചവടക്കാരുടെ മനസ്സിൽ. ഞായറാഴ്ച ചാറ്റൽമഴ പെയ്തപ്പോൾ അടുത്തദിവസം മഴയൊഴിയുമെന്ന് കരുതിയ കച്ചവടക്കാർക്ക് തിരിച്ചടിയായി തിങ്കളാഴ്ച തോരാമഴയായിരുന്നു.
കഴിഞ്ഞ നാലു വർഷത്തെയും പോലെ പതിവുതെറ്റിക്കാതെ ഇക്കുറിയും കനത്ത മഴയോടെയായിരുന്നു ആഗസ്റ്റിന്റെ വരവ്. കച്ചവടം പാളിയെന്നുതന്നെ കരുതിയതുമാണ്. പെട്ടെന്നാണ് മഴ മാറി മാനം തെളിഞ്ഞ് പൊൻവെയിൽ പരന്നത്... ഓണക്കടച്ചവടം ഇത്തവണ പൊടിപൊടിക്കുമെന്നുതന്നെ ഒട്ടുമിക്ക കച്ചവടക്കാരും ഉറപ്പിച്ചു.
തിങ്കളാഴ്ച രാവിലത്തെ തെളിമാനം നോക്കി വഴിയരികിലേക്ക് സാധനങ്ങൾ ഇറക്കി കച്ചവടം തുടങ്ങിക്കഴിഞ്ഞപ്പോഴായിരുന്നു അപ്രതീക്ഷിതമായി മഴയുടെ വരവ്. പെട്ടെന്നുതന്നെ തുണിത്തരങ്ങൾ പ്ലാസ്റ്റിക് ഷീറ്റ് പുതപ്പിച്ച് നനയാതെ കാത്തു. ഉച്ചതിരിഞ്ഞെങ്കിലും മഴയൊഴിഞ്ഞേക്കുമെന്ന പ്രതീക്ഷയും തകർത്ത് മഴ തിമിർത്തപ്പോൾ കച്ചവടക്കാർക്ക് നിരാശയായി.
സ്റ്റേഡിയം പരിസരത്തും നഗരത്തിലെ മറ്റു പലയിടങ്ങളിലും ആരംഭിച്ച കൈത്തറിമേളയിലേക്ക് ആളുകൾ എത്തിത്തുടങ്ങിയപ്പോൾ പെയ്ത മഴ തിരിച്ചടിയായി. മിഠായിത്തെരുവിലും പരിസരത്തുമൊക്കെ തുണിത്തരങ്ങളും ചെരിപ്പുകളും പൂക്കളുമൊക്കെ നിരത്തി കച്ചവടം ഉഷാറാവേണ്ട സമയമാണ് മഴ കൊണ്ടുപോയത്. ഏതാനും ദിവസംകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങളുടെ അറിയിപ്പ്. മഴയൊക്കെ വേഗം വഴിമാറി വീണ്ടും ഓണവെയിൽ പരക്കുമെന്നും അത്തം പുലരുമ്പോൾ കച്ചവടം ഉഷാറാവുമെന്നുമുള്ള പ്രതീക്ഷയിലാണ് വ്യാപാരിസമൂഹവും വഴിവാണിഭക്കാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

