കോഴിക്കോട് നഗരത്തിൽ നായ്ശല്യം രൂക്ഷം; നാലുദിവസത്തിനിടെ കടിയേറ്റത് 17 പേർക്ക്
text_fieldsസൗത്ത് ബീച്ചിലെ റോഡിൽ അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കൾ
കോഴിക്കോട്: നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷമായി. നാലുദിവസത്തിനിടെ 17 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. വെള്ളിയാഴ്ച പയ്യാനക്കൽ ഭാഗത്ത് മൂന്നു വയസ്സുള്ള കുട്ടിയടക്കം 11 പേർക്കും ഞായറാഴ്ച വൈകീട്ട് കാരപ്പറമ്പിലെ മുടപ്പാട്ട് പാലത്ത് ബൈക്ക് യാത്രികർ ഉൾപ്പെടെ ആറുപേർക്കുമാണ് കടിയേറ്റത്.
നിരവധി പേർ നായ് ഭീതിയിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അതിനിടെ ദിവസേന ആയിരക്കണക്കിനാളുകളെത്തുന്ന കോഴിക്കോട് ബീച്ചിലും നായ്ക്കളുടെ ഭീഷണി മുമ്പില്ലാത്ത വിധം വർധിച്ചു. സൗത്ത് ബീച്ചിലെ ലോറി സ്റ്റാൻഡ്, സൈക്കിൾ ബേ അടക്കമുള്ള ഭാഗങ്ങളിലും കോർപറേഷൻ ഓഫിസിന്റെ മുൻഭാഗത്തുമാണ് നായ് ഭീഷണി ഏറെയും.
ബീച്ചിൽ സായാഹ്നം ആസ്വദിക്കാനെത്തുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് പലപ്പോഴും നായ്ക്കളുടെ ആക്രമണത്തിരയാകുന്നത്. മാവൂർ റോഡ്, റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിലും നായ്ക്കളുടെ ശല്യം കൂടിയിട്ടുണ്ട്. നഗരത്തിലെ നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന പ്രവർത്തനം വെള്ളിമാട്കുന്നിലെ അനിമൽ ബർത്ത് കൺട്രോൾ സെന്ററിന്റെ (എ.ബി.സി) നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.
എന്നാൽ, ഇതുകൊണ്ടൊന്നും നായ്ക്കളുടെ എണ്ണത്തിന് കുറവില്ല എന്നതാണ് വസ്തുത. ഇക്കാലയളവിനിടെ പതിനായിരത്തിലധികം നായ്ക്കളെയാണ് എ.ബി.സി സെന്റർ വന്ധ്യംകരിച്ചത്. നഗരത്തിലെ പല ഭാഗങ്ങളിലും രാവിലെ മദ്റസകളിലേക്കും സ്കൂളുകളിലേക്കും പോകുന്ന വിദ്യാർഥികൾക്കടക്കം നായ്ക്കൾ ഭീതി വിതക്കുന്നുണ്ട്.
നായ്ശല്യം വർധിച്ചതോടെ നേരത്തെ കോർപറേഷൻ അധികൃതർ നായ്ക്കൾ കൂടുതലുള്ള പ്രദേശം ഹോട്ട്സ്പോട്ടുകളായി നിജപ്പെടുത്തി നടപടികൾ സ്വീകരിച്ചിരുന്നു. ഇത് കാര്യക്ഷമമല്ലെന്നാണ് ആളുകൾ പറയുന്നത്.
ഓരോ വാർഡിലെയും റസിഡന്റ്സ് അസോസിയേഷനുകളെ കൂടി ഉപയോഗപ്പെടുത്തി നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നുവെങ്കിലും ഇതിലും കാര്യമായ തുടർ നടപടികളുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

