കോൺഗ്രസിന്റെ പൈതൃകവീട് പൊളിക്കുന്നതിന് സ്റ്റേ
text_fieldsപഴയ കോൺഗ്രസ് ഭവൻ പൊളിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട്ടെ കോൺഗ്രസിന്റെ ചരിത്ര പൈതൃക സ്മാരകമായ നാലുകെട്ട് പൊളിക്കുന്നത് കോടതി തടഞ്ഞു. ടൗൺ ഹാൾ റോഡിൽ സ്ഥിതി ചെയ്യുന്ന പഴയ കോൺഗ്രസ് ഭവൻ പ്രവർത്തിച്ച കെട്ടിടം പൊളിക്കുന്നതിനെതിരെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി ജില്ല ജനറൽ സെക്രട്ടറി പി.ആർ. സുനിൽ സിങ് കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ അഡ്വ. പി.എൻ. ശ്രീനിവാസൻ മുഖേനേ സമർപ്പിച്ച അന്യായത്തിലാണ് സ്റ്റേ ഉത്തരവ്.
1960ൽ അവിഭക്ത കോൺഗ്രസിന്റെ കോഴിക്കോട് ജില്ല പ്രസിഡന്റായിരുന്ന എ.വി. കുട്ടിമാളുവമ്മ അന്നത്തെ കോൺഗ്രസ് ജില്ല പ്രസിഡന്റ് എന്ന നിലയിലാണ് മൂളിയിൽ ജാനകി എന്നവരിൽ നിന്നും സ്ഥലവും നാലുകെട്ടും നടുമുറ്റവും അടക്കമുള്ള കെട്ടിടം കോൺഗ്രസ് ഭവൻ എന്ന പേരിൽ വാങ്ങിയത്. 1969ൽ കോൺഗ്രസ് പിളർന്നു സിൻഡിക്കേറ്റും ഇൻഡിക്കേറ്റുമായതിൽ പിന്നെ സംഘടന കോൺഗ്രസ് ഓഫിസായാണ് ഈ കെട്ടിടം പ്രവർത്തിച്ചത്.
പിന്നീട് അടിയന്തരാവസ്ഥക്ക് ശേഷം ജനതാപാർട്ടി, കോൺഗ്രസ്-എസ്, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നീ പാർട്ടികളുടെ ഓഫിസായി മാറി. ഈ കെട്ടിടവും വസ്തുവകകളും പൈതൃകമായി സംരക്ഷിക്കപ്പെടണമെന്ന നിലയിലാണ് പാർട്ടികൾ മുന്നോട്ടുപോയത്. പഴയ കാല ദേശീയ നേതാക്കളായ നിജ ലിംഗപ്പ, അശോക് മേത്ത, കാമരാജ് തുടങ്ങിയ നിരവധി നേതാക്കൾ വന്ന സ്ഥലമാണ് കോൺഗ്രസ് ഭവൻ.എന്നാൽ, ഈ പൈതൃകസ്വത്ത് മഹാത്മജി ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിലുള്ള ട്രസ്റ്റ് കൈകാര്യം ചെയ്യാൻ തുടങ്ങി.
ഈ ട്രസ്റ്റ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ.സി.പി നേതാവ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് നിലനിൽക്കെ വിലപിടിപ്പുള്ള ജർമൻ നിർമിതമായ സാധന സാമഗ്രികളും പൊളിച്ചിട്ട ലക്ഷക്കണക്കിന് രൂപയുടെ മരവുരുപ്പടികളും രാത്രിയുടെ മറവിലും മറ്റും ട്രസ്റ്റ് അംഗങ്ങൾ അനധികൃതമായി എടുത്തു കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് അസി. പൊലീസ് കമീഷണർക്ക് പരാതി നൽകിയെന്നും പി.ആർ. സുനിൽ സിങ് പറഞ്ഞു. എല്ലാ കോൺഗ്രസുകാർക്കും അവകാശവും അധികാരവുമുള്ള പൈതൃക സ്വത്താക്കി ഇത് നിലനിർത്തണമെന്നാണ് ആവശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

