സമൂഹ മാധ്യമത്തിൽ താരം; ഹൈടെക് കാർ മോഷ്ടാവ് ഒടുവിൽ പൊലീസ് വലയിൽ
text_fieldsനവാസ്, മുഹമ്മദ്
ചന്ദ്രനഗർ: ഫേസ്ബുക്കിൽ 3,17,000 ഫോളോവേഴ്സുള്ള ഹൈടെക് കാർ മോഷ്ടാവും കൂട്ടാളിയും ഒടുവിൽ പൊലീസ് വലയിൽ. പാലക്കാട് ചിറ്റൂർ തെക്കേദേശം ആലാങ്കടവ് പാറക്കൽ വീട്ടിൽ നവാസ് (36), കോട്ടയം എം.എൽ റോഡ് അറക്കേക്കുന്നേൽ വീട്ടിൽ മുഹമ്മദ് (44) എന്നിവരെയാണ് കസബ പൊലീസ് വലയിലാക്കിയത്.
നവാസിന് 15ഓളം വ്യാജ പേരുകളിൽ അഡ്മിനായി ഫേസ്ബുക്കിൽ 'പഴയ വാഹനം വിൽപന' എന്ന ഗ്രൂപ് ഉണ്ട്. ഇതിൽ വരുന്ന വാഹനങ്ങൾ വാങ്ങാൻ ഗ്രൂപ് അംഗമെന്ന വ്യാജേന നവാസ് വാഹന ഉടമസ്ഥരുമായി ഫോണിൽ ബന്ധം സ്ഥാപിക്കും. ശേഷം ചെറിയ തുക അയച്ചുകൊടുത്ത് ടെസ്റ്റ് ഡ്രൈവിനായി വാഹനം ആവശ്യപ്പെടും.
ഇത്തരത്തിൽ ടെസ്റ്റ് ഡ്രൈവിനായി ലഭിക്കുന്ന വാഹനങ്ങളുമായി മുങ്ങുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 24ന് സമാന രീതിയിൽ ചന്ദ്രനഗറിൽ വെച്ച് കോഴിക്കോട് വടകര സ്വദേശി ഭവീഷിന്‍റെ കാറുമായി നവാസ് കടന്നുകളയുകയായിരുന്നു.
മുൻകൂർ തുകയെന്ന നിലയിൽ 15,000 രൂപ നൽകിയായിരുന്നു തട്ടിപ്പ്. തുടർന്ന് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കസബ പൊലീസ് പ്രതികളെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഇവരെ കുഴൽമന്ദത്തുനിന്ന് കസ്റ്റഡിയിലെടുത്തു.
വിശദമായ ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മോഷണംപോയ കാർ കോയമ്പത്തൂരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിലായി കേസുകളുണ്ടെന്ന് അധികൃതർ പറഞ്ഞു.
നവാസിന്‍റെ പേരിൽ മാത്രം പാലക്കാട്, തൃശൂർ ജില്ലകളിലായി 14 മോഷണ കേസുകളുണ്ട്. നിരവധി തവണ പ്രതികൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതം നയിക്കുന്നതിനാണ് ഇരുവരും ഉപയോഗിച്ചിരുന്നത്.
കസബ പൊലീസ് ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എം. ഉദയകുമാർ, എ. രംഗനാഥൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രിയ, ശിവാനന്ദൻ, സിവിൽ പൊലീസ് ഓഫിസർ രജീദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

