സ്റ്റേഡിയം: അഴിമതിയാരോപണങ്ങൾ ശക്തമാകുന്നു
text_fieldsകോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് റേസിങ് ലീഗ് ഗ്രാന്‍ഡ് ഫിനാലെയെത്തുടർന്ന് കോർപറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനം ഉണങ്ങി നശിച്ച സംഭവത്തിനു പിന്നാലെ അഴിമതിയാരോപണവും ഉയരുന്നു. കഴിഞ്ഞ 21ന് നടത്തിയ റേസിങ് മത്സരത്തിന് സ്റ്റേഡിയം വിട്ടുനൽകാനുള്ള അനുമതി നൽകിയത് കേരള ഫുട്ബാൾ അസോസിയേഷൻ യോഗ തീരുമാനമില്ലാതെയെന്നാണ് കമ്മിറ്റി അംഗങ്ങളിൽ ചിലർ സൂചിപ്പിക്കുന്നു. ഇതു സംബന്ധിച്ച് മിനിറ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. ബാന്‍ഡിഡോസ് മോട്ടോര്‍ സ്‌പോര്‍ട്‌സുമായി ചേര്‍ന്നാണ് ഐ.എസ്.ആര്‍.എല്‍ മത്സരം സംഘടിപ്പിച്ചത്. കോടികൾ മറിഞ്ഞ മത്സരത്തിൽ ഇടനിലക്കാർ വൻ തുക കൈപ്പറ്റിയെന്ന ആരോപണമാണ് ഉയരുന്നത്.
പുൽമൈതാനത്തിന് കേടുപാടുകൾ ഒന്നും സംഭവിക്കില്ലെന്നും അഹ്മദാബാദ് ഉൾപ്പെടെയുള്ള പല സ്റ്റേഡിയത്തിലും ഇത്തരം മത്സരങ്ങൾ നടത്തിയിട്ടുണ്ടെന്നും മൈതാനത്തിന്റെ നടത്തിപ്പുകാരായ കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു. ‘ആരും ടെൻഷൻ അടിക്കേണ്ടതില്ല. അത് പെട്ടെന്ന് റെഡിയാകും. ഗ്രൗണ്ടിന് ഒരു കുഴപ്പവുമില്ല. ആർക്കും പണം നഷ്ടമാകില്ലെന്നുമാണ് നവാസ് മീരാൻ മാധ്യമത്തോട് പറഞ്ഞത്. ഇനി കരാർ നൽകിയവർ ചെയ്തില്ലെങ്കിൽ അടുത്ത വർഷം മൈതാനം പൂർവസ്ഥിതിയിലാക്കിത്തരേണ്ട ഉത്തരവാദിത്തം തനിക്കാണെന്നും അദ്ദേഹം പറഞ്ഞു. ആ ഗ്രൗണ്ട് നവീകരണത്തിന് പണം മുടക്കിയത് താൻ തന്നെയല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഒരു സ്പോർട്സിനു വേണ്ടി ഗ്രൗണ്ട് നൽകിയത് ഉത്തമ വിശ്വാസത്തിലാണ്. നഷ്ടമുണ്ടായാൽ നികത്താൻ 25 ലക്ഷം രൂപയുടെ കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഗ്രൗണ്ടിന്റെ നിരപ്പ് നഷ്ടമായി അമർന്നിട്ടുണ്ടെങ്കിൽ മണൽ നികത്തി പൂർവസ്ഥിതിയിൽ തന്നെയാക്കുമെന്നും അദ്ദേഹം പറഞ്ഞു..
കോർപറേഷൻ സ്റ്റേഡിയം നശിപ്പിച്ചത് അന്വേഷിക്കണം -യു.ഡി.എഫ് കൗണ്‍സില്‍
കോഴിക്കോട്: കോര്‍പറേഷന്‍ സ്റ്റേഡിയം ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് ലീഗ് ഗ്രാന്‍ഡ് ഫിനാലെക്ക് വിട്ടുനല്‍കിയത് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി.
സൂപ്പര്‍ ക്രോസ് ലീഗ് ഗ്രാന്‍ഡ് ഫിനാലേക്ക് ശേഷം സ്റ്റേഡിയത്തിലെ പുല്ല് കരിഞ്ഞുണങ്ങുകയും നാശനഷ്ടമുണ്ടാവുകയും ചെയ്ത മേഖലകള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവർ. മൈതാനത്തെ പുല്ലുകൾ നശിച്ചുണങ്ങി. അത് പഴയപടിയാവാൻ കോടികൾ വേണം.
കോര്‍പറേഷനെ മറികടന്ന് കേരള ഫുട്‌ബാള്‍ അസോസിയേഷനാണ് സ്‌റ്റേഡിയം മത്സരത്തിനായിവിട്ടു നല്‍കിയത്. 25 ലക്ഷം രൂപയുടെ കരാറുണ്ടാക്കിയത് കേരള ഫുട്‌ബാൾ അസോസിയേഷനുമായാണ്. അമ്പതിനായിരത്തിലേറെപ്പേർ കളി കാണാനെത്തി. ടിക്കറ്റ് വിൽപനയിലൂടെയും കോർപറേഷന് വരുമാനം ലഭിച്ചില്ല. കോർപറേഷന് നഷ്ടങ്ങൾ മാത്രമാണുണ്ടായതെന്നും യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. സൂപ്പർക്രോസ് ലീഗുമായി ബന്ധപ്പെട്ട് വാതുവെപ്പ് സംഘം സജീവമായിരുന്നെന്നാണ് ആരോപണം. ദുബൈ ആസ്ഥാനമായവരാണ് മത്സരം നിയന്ത്രിച്ചത്. ഇക്കാര്യത്തിൽ സ്വതന്ത്ര ഏജൻസികൾ അന്വേഷിക്കണം.
ദേശീയപാത നിർമാണത്തിനുള്ള മണ്ണ് വാടകക്ക് കൊണ്ടുവന്നതാണെന്നാണ് ആരോപണം. കഴിഞ്ഞ മാസം 21നായിരുന്നു ബൈക്ക് റേസിങ്. കെ.എഫ്.എ ഡിസംബര്‍ പതിനഞ്ചിനകം തന്നെ സ്റ്റേഡിയം സംഘാടകരായ ബാന്‍ഡിഡോസിന് കൈമാറി. പ്ലൈവുഡ് നിരത്തി അതിന് മുകളില്‍ എണ്ണൂറോളം ലോഡ് മണ്ണിട്ടാണ് ബൈക്ക് ട്രാക്ക് നിർമിച്ചത്. ആഴ്ചകളോളം വെയിലും വെള്ളവും ഏല്‍ക്കാതെ പുല്ല് കരിഞ്ഞുണങ്ങി. 25 ലക്ഷം തുകയുടെ ഉടമ്പടി ഉണ്ടാക്കിയാണ് കെ.എഫ്.എ സംഘാടകര്‍ക്ക് മൈതാനം വിട്ടുനൽകിയത്. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എസ്.വി. സയ്യിദ് മുഹമ്മദ് ഷമീല്‍ ആവശ്യപ്പെട്ടു.
യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി ഉപനേതാവ് മനക്കല്‍ ശശി, കൗണ്‍സിലര്‍മാരായ എസ്.കെ. അബൂബക്കര്‍, സഫറി വെള്ളയില്‍, ടി.പി.എം. ജിഷാന്‍, സക്കീര്‍, ഫാത്തിമ തഹ്‌ലിയ, സൗഫിയ അസീസ്, കവിത അരുണ്‍ തുടങ്ങി 15 ലേറെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെട്ടെ സംഘമാണ് സ്റ്റേഡിയം സന്ദര്‍ശിച്ചത്.
മൈതാനത്ത് പ്രശ്നങ്ങൾ ഉണ്ട് -മേയർ ഒ. സദാശിവൻ
കോഴിക്കോട്: മൈതാനത്തിൽ നിലവിൽ ചെറിയ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് മേയർ ഒ. സദാശിവൻ. ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീക്കൊപ്പം സ്റ്റേഡിയം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിലയിടത്ത് പുല്ല് കരിഞ്ഞ് കുഴികളുണ്ടായിട്ടുണ്ട്. പരിപാടി സംഘടിപ്പിച്ചവർ പൂർവസ്ഥിതിയിലാക്കാൻ നിശ്ചിത സമയം പറഞ്ഞിട്ടുണ്ട്. പറഞ്ഞ സമയത്തിനുള്ളിൽ സ്റ്റേഡിയം പൂർവസ്ഥിതിയിലാക്കി നൽകിയില്ലെങ്കിൽ ചട്ടലംഘനമായി കണക്കാക്കും. സ്റ്റേഡിയം കെ.എഫ്.എക്ക് കൈമാറിയിട്ടുണ്ട്. ഒരുകേടുപാടും പറ്റാത്ത വിധത്തിൽ കൈമാറണമെന്ന വ്യവസ്ഥയിലാണ് നൽകിയത്. സൂപ്പർ ക്രോസ് ലീഗ് നടത്തുന്നതിനുള്ള ഫീസ് മാത്രമാണ് കോർപറേഷന് ലഭിച്ചിട്ടുള്ളത്. കോർപറേഷൻ കൗൺസിലിന്റെ അനുമതിയോടെയാണ് മറ്റു കായികമത്സരങ്ങൾക്ക് നൽകുന്നത്. സൂപ്രണ്ടിങ് എൻജിനീയർ കെ.എൻ. ബിജോയ്, ജോയന്റ് സെക്രട്ടറി പി. സോമശേഖരന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ജനുവരി 25ഓടെ പുനഃസ്ഥാപിക്കും
കോഴിക്കോട്: ജനുവരി 25 ഓടെ സ്റ്റേഡിയത്തിലെ ടർഫ് പഴയ സ്ഥിതിയിലേക്കു എത്തുമെന്നും മറ്റു കായികമത്സരങ്ങളും ടൂർണമെന്റുകളും സംഘടിപ്പിക്കാൻ സജ്ജമാകുമെന്നും സൂപ്പർ ക്രോസ് റേസിങ് ലീഗ് സംഘാടകരായ ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗ് (ഐ.എസ്.ആർ.എൽ) ആൻഡ് ബാൻഡിഡോസ് മോട്ടോർസ്പോർട്സ് അറിയിച്ചു. സ്റ്റേഡിയത്തെ പരിപാടിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കു പുനഃസ്ഥാപിക്കും. അഹ്മദാബാദ്, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രധാന വേദികൾ പരിപാടികൾക്കുശേഷം വിജയകരമായി പുനഃസ്ഥാപിച്ച് കൈമാറിയിട്ടുണ്ട്. സ്റ്റേഡിയം അധികൃതരുമായുണ്ടായ കരാർ പ്രകാരം സ്റ്റേഡിയത്തിലെ ക്ലിയറിങ് ജോലികൾ ഡിസംബർ 31ന് പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

