ദുരൂഹത വിട്ടൊഴിയാതെ ശ്രീജിത്തിന്റെ മരണം
text_fieldsശ്രീജിത്ത് സഞ്ചരിച്ച കാർ പൊലിസ് പരിശോധിക്കുന്നു
നാദാപുരം: കാസർകോഡ് സ്വദേശി ശ്രീജിത്ത് നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത് മരണപ്പെട്ട സംഭവത്തിൽ വൻദുരൂഹത. ആൾ പെരുമാറ്റമോ പ്രധാന റോഡുകളോ ഇല്ലാത്ത കനാൽ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ശ്രീജിത്തിനെ ഗുരുതര പരിക്കേറ്റ നിലയിൽ കനാൽ പരിസരത്തെ കുറ്റിക്കാട്ടിൽ നാട്ടുകാർ കണ്ടത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോൾ സംസാരശേഷിയുണ്ടായിരുന്നെങ്കിലും എന്താണ് സംഭവിച്ചതെന്ന ചോദ്യങ്ങൾക്ക് മറുപടി പറയാതെ പിന്നെപ്പറയാം എന്നുപറഞ്ഞ് ശ്രീജിത്ത് ഒഴിഞ്ഞുമാറിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയവർ പറയുന്നു.
കാർ വൈദ്യുതി തൂണിൽ ഇടിച്ച നിലയിലായിരുണെങ്കിലും കാറിനോ വൈദ്യുതി തൂണിനോ സാരമായ കേടുപാടുകളൊന്നും തന്നെ പറ്റിയിട്ടില്ല. മാത്രമല്ല ശരീരമാസകലം രക്തത്തിൽ കുളിച്ച നിലയിലായിട്ടും കാറിനുള്ളിൽ ഒരു തുള്ളി രക്തേക്കറപോലും പൊലീസിന് കണ്ടെത്താനാവാത്തതും ദുരൂഹത വർധിപ്പിക്കുന്നു. കാറിന്റെ ഡോർ ലോക്ക് ചെയ്ത നിലയിലും ഹാൻഡ് ബ്രേക്ക് ഇട്ടനിലയിലുമായിരുന്നു.
ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. വെള്ളയാഴ്ച രാവിലെ ചോമ്പാൽ മുക്കാളിയിലെ ഭാര്യ വീട്ടിൽ നിന്നും യാത്ര തിരിച്ചതായിരുന്നു ശ്രീജിത്ത്. വൈകീട്ട് വീട്ടിലെത്തുമ്പോൾ കൂടെ ഒരാൾ ഉണ്ടായിരുന്നതായി ഭാര്യ പറഞ്ഞു. പിന്നീട് നാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. രാത്രി വൈകി നാദാപുരം പൊലീസ് വിളിച്ചറിയിച്ചപ്പോഴാണ് വീട്ടുകാർ പരിക്കേറ്റ വിവരം അറിയുന്നത്. സന്ധ്യ മുതൽ ഇയാൾ സഞ്ചരിച്ച കാർ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതായി കണ്ടതായി നാട്ടുകാർ പറഞ്ഞു. കാറിൽ ശ്രീജിത്തിനെ കൂടാതെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സംഭവത്തിലെ ദുരൂഹത നീക്കണമെന്നും കാര്യക്ഷമമായ അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും മുസ് ലിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, സി.പി.എം നവോദയ ബ്രാഞ്ച് കമ്മറ്റി എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

