ശ്രീനന്ദനയുടെ ചോദ്യത്തിന് ഉത്തരമായി; ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ സീറ്റായി
text_fieldsകോഴിക്കോട്: ഫുൾ എ പ്ലസ് കിട്ടിയിട്ടും തനിക്കെന്താ സീറ്റ് കിട്ടാത്തതെന്ന് ചോദിച്ച ശ്രീനന്ദനക്ക് സീറ്റ് നൽകി ചേളന്നൂർ എ.കെ.കെ.ആർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. പ്ലസ് വണ്ണിന് സീറ്റില്ലാതെ അങ്കലാപ്പിലായ ശ്രീനന്ദനയുടെ വാർത്ത മാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ടതിനെത്തുടർന്ന് എ.കെ.കെ.ആർ സ്കൂൾ അധികൃതർ തിങ്കളാഴ്ച രാവിലെ പിതാവ് സുധീഷിനെ ബന്ധപ്പെട്ട് ശ്രീനന്ദനക്ക് ഇഷ്ടപ്പെട്ട സയൻസ് വിഷയം തന്നെ മാനേജ്മെന്റ് സീറ്റ് സൗജന്യമായി നൽകുകയായിരുന്നു.
ഒന്നാം ക്ലാസ് മുതൽ പൊതുവിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ശ്രീനന്ദന ബാലുശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്നാണ് പത്താം ക്ലാസ് പൂർത്തിയാക്കിയത്. പ്ലസ് വണ്ണിന് അപേക്ഷ നൽകിയത് എല്ലാം സർക്കാർ സ്കൂളിലായിരുന്നു. പക്ഷേ, ഒരിടത്തും അലോട്ട്മെന്റ് ലഭിച്ചിട്ടില്ല. തന്നേക്കാൾ മാർക്ക് കുറഞ്ഞവർക്ക് പല സ്കൂളിലായി പ്രവേശനം ലഭിച്ചതോടെ ശ്രീനന്ദനയുടെ സങ്കടം മാധ്യമം വാർത്തയാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ശ്രീനന്ദനയും പിതാവും സ്കൂളിലെത്തി പ്രവേശന നടപടികൾ പൂർത്തിയാക്കി.
വിദ്യാഭ്യാസം അലിഖിതമായി വിലക്കപ്പെട്ട കാലത്ത് ആഗ്രഹിക്കുന്നവർക്കെല്ലാം വിദ്യ നൽകുന്നതിനുവേണ്ടി എട്ടു പതിറ്റാണ്ട് മുമ്പ് ആരംഭിച്ച എ.കെ.കെ.ആർ സ്കൂൾ ആ നിലപാട് ഇന്നും തുടരുന്നതിന്റെ ഭാഗമായിത്തന്നെയാണ് മിടുക്കിയായ കുട്ടിക്ക് മറ്റൊരു മാനദണ്ഡവുമില്ലാതെ മാനേജറുടെ നിർദേശപ്രകാരം സൗജന്യ പ്രവേശനം നൽകിയതെന്ന് പ്രിൻസിപ്പൽ കെ. മനോജ്കുമാർ പറഞ്ഞു. മാളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂൾ സെക്രട്ടറി എ.പി. കുഞ്ഞാമുവും ശ്രീനന്ദനക്ക് സൗജന്യ പ്ലസ് വൺ പ്രവേശനം നൽകാൻ തയാറായി മുന്നോട്ടുവന്നിരുന്നു. തന്നെ പോലെ വിഷമിക്കുന്നവർക്കും എവിടെയെങ്കിലുമൊക്കെ സീറ്റ് ലഭിക്കണമെന്ന പ്രാർഥനയാണ് ശ്രീനന്ദനക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

