കളിയല്ല സ്പോർട്സ് മെഡിസിൻ
text_fieldsകോഴിക്കോട് മെഡിക്കല്‍ കോളജ് കാമ്പസിലെ സ്പോര്‍ട്സ് മെഡിസിന് ഇൻസ്റ്റിറ്റ്യൂട്ട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് കാമ്പസിലെ സ്പോര്‍ട്സ് മെഡിസിന് ഇൻസ്റ്റിറ്റ്യൂട്ട് വൈദഗ്ധ്യം നേടിയ ഡോക്ടറുടെ സേവനമില്ലാതെ നോക്കുകുത്തിയാകുന്നു. കളിക്കിടെ പരിക്കേല്‍ക്കുന്ന താരങ്ങളുടെ തിരിച്ചുവരവാണ് ഇതോടെ ചോദ്യച്ചിഹ്നമാവുന്നത്. ഡെപ്യൂട്ടേഷനില്‍ നിയമിച്ച ഡോക്ടറെ ആരോഗ്യ വകുപ്പ് തിരിച്ചുവിളിച്ചതും പകരം നിയമനമില്ലാത്തുമാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ ഡോക്ടര്‍ കൂടിയായ ഡോ. ഷെര്‍വിന്‍ ഷരീഫായിരുന്നു ഇവിടെ വിദഗ്ധ ചികിത്സ നല്‍കിയിരുന്നത്.
ഫിസിക്കല്‍ മെഡിസിന് ആൻഡ് റീഹാബിലിറ്റേഷന്‍ സെന്ററിനോട് അനുബന്ധിച്ചാണ് സ്പോര്‍ട്സ് മെഡിസിന് വിഭാഗം പ്രവര്‍ത്തിക്കുന്നത്. 2010ല്‍ ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2014 മുതല്‍ സ്പോര്‍ട്സ് മെഡിസിന് സ്പെഷലിസ്റ്റിന്റെ സേവനം ലഭ്യമായിരുന്നു. ആരോഗ്യവകുപ്പിന് കീഴില്‍ അസിസ്റ്റന്റ് സര്‍ജനായിരുന്ന ഡോ. ഷെര്‍വിന്‍ ഷെരീഫിനെ മെഡിക്കല്‍ എജുക്കേഷന്‍ വിഭാഗത്തിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിക്കുകയായിരുന്നു. എന്നാല്‍, 2022 ഏപ്രിലിൽ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. നിലവില്‍ പി.എം.എച്ചിലെ ജൂനിയര്‍ ഡോക്ടര്‍മാരാണ് ഇവിടെ ഒ.പിയില്‍ രോഗികളെ പരിചരിക്കുന്നത്. ഇതോടെ കായിക തകാരങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്നാണ് പരാതി.
ഫിസിയോ തെറാപ്പി അടക്കമുള്ള രണ്ടുകോടി രൂപയുടെ ഉപകരണങ്ങളും നാശത്തിന്റെ വക്കിലാണ്. സ്വകാര്യ ഫിസിയോ തെറാപ്പി സെന്ററുകളില്‍ മണിക്കൂറിന് 1500 ഉം അതിന് മുകളിലും നല്‍കണം. ഇത്തരം പരിചരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിരുന്നു. ഇത് മുടങ്ങിയതോടെ പരിക്കേല്‍ക്കുന്ന പലതാരങ്ങളുടെയും കായിക രംഗത്തുനിന്നുതന്നെ പിന്തള്ളപ്പെടാനിടയാക്കുന്നുണ്ട്. ഇവിടെ സ്പോര്‍ട്സ് മെഡിസിന് ഡോക്ടറുടെ തസ്തിക നിര്മിച്ചക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും പരിഹാരമായില്ല.
സംസ്ഥാനത്തുതന്നെ മികച്ച പരിചരണം ലഭിച്ചിരുന്ന കേന്ദ്രമായിരുന്നു ഇത്. കായിക താരങ്ങള്‍ മാത്രമല്ല ജിം, പ്രഭാതസവാരി, കരാത്തെ തുടങ്ങിയ കായിക വിനോദങ്ങള്‍ക്കിടെ പരിക്കേല്‍ക്കുന്ന സാധാരണക്കാര്‍ക്കും വലിയ സഹായകമായിരുന്നു സ്പോർട്സ് മെഡിസിൻ ഡോക്ടറുടെ സേവനം. കായികതാരങ്ങള്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പുനല്കിയിരുന്ന കേന്ദ്രത്തിലെ വിദഗ്ധ ഡോക്ടറുടെ സേവനം ഇല്ലാതാവുന്നത് താരങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന് ഫുട്ബാള്‍ പരിശീലകന് നിയാസ് റഹ്മാൻ പറയുന്നു. വിദഗ്ധ ഡോക്ടറുടെ സേവനം ഉടന്‍ ലഭ്യമാക്കണമെന്നാണ് താരങ്ങളുടെയും പരിശീലകരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

