കൈക്കൂലി കേസിൽ സ്പെഷൽ വില്ലേജ് ഓഫിസർക്ക് ഏഴുവർഷം കഠിന തടവ്
text_fieldsകോഴിക്കോട്: വില്ലേജ് അസിസ്റ്റന്റായിരിക്കെ കൈക്കൂലി വാങ്ങിയ സംഭവത്തിൽ സ്പെഷൽ വില്ലേജ് ഓഫിസർക്ക് ഏഴുവർഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം വക്കം വില്ലേജ് സ്പെഷൽ ഓഫിസറും കൊല്ലം സ്വദേശിയുമായ എം. മുരുകനെയാണ് കോഴിക്കോട് വിജിലൻസ് കോടതി അന്വേഷണ കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജി ഷിബു തോമസ് ശിക്ഷിച്ചത്.
2016ൽ മലപ്പുറം തെന്നല വില്ലേജ് അസിസ്റ്റന്റായിരിക്കെ പട്ടയം നൽകുന്നതിന് സ്ഥലപരിശോധന നടത്താൻ കൈക്കൂലി ആവശ്യപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം. വാളക്കുളം സ്വദേശിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമിയിൽ വീടുവെക്കുന്നതിന് വായ്പയെടുക്കാൻ പട്ടയം ആവശ്യമായി വന്നപ്പോഴാണ് ഇദ്ദേഹം വില്ലേജ് അസിസ്റ്റന്റായ മുരുകനെ സമീപിച്ചത്.
സ്ഥല പരിശോധന നടത്തി അനുകൂല റിപ്പോർട്ട് കൊടുക്കുന്നതിന് 6000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ തുക കൈമാറുമ്പോൾ മലപ്പുറം വിജിലൻസ് യൂനിറ്റാണ് ഇദ്ദേഹത്തെ പിടികൂടിയത്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ അരുൺനാഥ് ഹാജരായി. അഴിമതി സംബന്ധിച്ച വിവരങ്ങൾ 1064ലോ (ടോൾ ഫ്രീ) 8592900900 ലോ 9447789100 എന്ന വാട്സ്ആപ് നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

